ആലുവയിലേത് ഒറ്റപ്പെട്ട സംഭവമെന്ന് മുഖ്യമന്ത്രി; പോലീസ് ഗൂഢസംഘത്തിന്റെ പിടിയിലെന്ന് പ്രതിപക്ഷം

ആലുവയിൽ എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സഭയിൽ അവതരണാനുമതി നിഷേധിച്ചു. പോലീസിനെ പ്രതിപക്ഷം കുറ്റപ്പെടുത്തിയപ്പോൾ ഒറ്റപ്പെട്ടപ്പെട്ട സംഭവങ്ങൾ പർവതീകരിക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി വിമർശിച്ചു.
ആലുവ എംഎൽഎ അൻവർ സാദത്താണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. കേരളത്തെ ഞെട്ടിക്കുന്ന ഒറ്റപ്പെട്ട സംഭവം പതിവായെന്ന് അൻവർ സാദത്ത് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി വളരെ ലാഘവത്തോടെയാണ് വിഷയത്തെ കാണുന്നത്. ക്രൈം നടക്കുന്നതിന് മുമ്പ് തടയാൻ പോലീസിന് സാധിക്കണം. ജനത്തിന് സുരക്ഷ ഉറപ്പാക്കുകയാണ് സർക്കാരിന്റെ പ്രാഥമിക കർത്തവ്യം. പിണറായി തന്നെയാണോ ആഭ്യന്തര വകുപ്പ് ഭരിക്കുന്നത്. വകുപ്പ് ഗൂഢസംഘത്തിന്റെ പിടിയിലാണെന്നും അൻവർ സാദത്ത് പറഞ്ഞു
മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്ന പോലീസ് ജനങ്ങൾക്ക് സുരക്ഷ നൽകുന്നില്ല. അയൽക്കാരന്റെ ജാഗ്രത കൊണ്ട് മാത്രമാണ് ആലുവയിലെ കുട്ടി രക്ഷപ്പെട്ടത്. പോലീസ് പട്രോളിംഗ് കാര്യക്ഷമമല്ല. പോലീസിന്റെ വാഹനങ്ങൾ പലതും കട്ടപ്പുറത്താണ്. വണ്ടിയിൽ പെട്രോളില്ലെന്ന് പറയുന്ന പോലീസാണ് കേരളത്തിലുള്ളതെന്നും സാദത്ത് പറഞ്ഞു
എന്നാൽ ആലുവ സംഭവത്തിൽ പരാതി ലഭിച്ചയുടൻ കേസെടുത്തെന്നും അന്നുതന്നെ പ്രതിയെ അറസ്റ്റ് ചെയ്‌തെന്നും മുഖ്യമന്ത്രി മറുപടി നൽകി. തിരൂരങ്ങാടിയിൽ നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിലും പ്രതിക്കെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. ആലപ്പുഴ അർത്തുങ്കലിൽ 15കാരിയെ പീഡിപ്പിച്ച സംഭവത്തിലും പ്രതി അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു