ആലുവയിലെ പണം തട്ടൽ: ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവ്

P Rajeev

ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ കുടുംബത്തെ പറ്റിച്ച് പണം തട്ടിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവ്. തട്ടിപ്പ് അതിക്രൂരവും ഞെട്ടൽ ഉള്ളവാക്കുന്നത് എന്നും മന്ത്രി പി രാജീവ് പ്രതികരിച്ചു. എന്ത് നൽകിയാലും കുടുംബത്തിന്റെ നഷ്ടം നികത്താൻ കഴിയില്ല. പണം തട്ടിയതിനെ ഈ നാട് അംഗീകരിക്കില്ല. കുറ്റക്കാർക്ക് എതിരെ കടുത്ത നടപടിയുണ്ടാകും. കോൺഗ്രസ് പാർട്ടി എന്ത് നടപടിയെടുക്കുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

നീതീകരിക്കാനാകാത്ത തെറ്റാണെന്ന് ആലുവ എംഎൽഎ അൻവർ സാദത്തും പ്രതികരിച്ചു. സംഭവത്തിൽ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഹസീന മുനീറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ഹസീനയുടെ ഭർത്താവ് മുനീറാണ് കുടുംബത്തെ കബളിപ്പിച്ച് 1,20,000 രൂപ തട്ടിയെടുത്തത്. മുനീർ ആദ്യം കബളിപ്പിച്ചത് ആലുവ എംഎൽഎ അൻവർ സാദത്തിനെ. പെൺകുട്ടിയുടെ കുടുംബത്തിന് വാടകയ്ക്ക് വീടെടുക്കാൻ എംഎൽഎ നൽകിയ 20,000 രൂപ മുനീർ മുക്കി. പിന്നീടാണ് കുടുംബത്തെ നേരിട്ട് പറ്റിക്കുന്നത്. 

Share this story