ആലുവ കൊലപാതകം: അസ്ഫാക് ആലത്തിന്റെ മാനസികനില പരിശോധനാ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു
Nov 8, 2023, 15:00 IST

ആലുവയിൽ അഞ്ച് വയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തിന്റെ മാനസിക നില പരിശോധനാ റിപ്പോർട്ട് കോടതിയിൽ നൽകി. മുദ്രവെച്ച കവറിലാണ് അസ്ഫാക് ആലത്തിന്റെ മാനസികനില പരിശോധന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. സംസ്ഥാന സർക്കാർ, ആലുവ ജയിൽ അധികൃതർ, ജില്ലാ പ്രൊബേഷനറി ഓഫീസർ എന്നിവരാണ് റിപ്പോർട്ട് നൽകിയത്. ഇതിനിടെ ഇരയുടെ കുടുംബവും കോടതിയിലെത്തി. ശിക്ഷയുടെ കാര്യത്തിൽ കുടുംബത്തിന് പറയാനുള്ളതും രേഖാമൂലം കോടതിയെ അറിയിച്ചു.
അസ്ഫാക് ആലത്തെ കേസിൽ കുറ്റക്കാരനായി കോടതി കണ്ടെത്തിയിരുന്നു. ശിക്ഷ വിധിക്കും മുമ്പ് ഇയാളുടെ മാനസികനില പരിശോധനാ റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദേശം നൽകിയിരുന്നു. പ്രതിഭാഗമാണ് പ്രതിയുടെ മാനസിക നില പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. വ്യാഴാഴ്ചയാണ് കേസിൽ ശിക്ഷ വിധിക്കുക.