ആലുവ കൊലപാതകം: പ്രതിയുടെ ശിക്ഷാ വിധി നവംബർ 9ന്; മാനസിക നില റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

ആലുവയിൽ ബിഹാർ ദമ്പതികളുടെ മകളായ അഞ്ച് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ ശിക്ഷാ വിധി നവംബർ ഒമ്പതിന്. പ്രതി കുറ്റക്കാരനാണെന്ന് കോടതി ഇന്ന് കണ്ടെത്തിയിരുന്നു. കൊലപാതകം, ബലാത്സംഗം അടക്കം ചുമത്തിയ 16 വകുപ്പുകളും തെളിഞ്ഞു. പരമാവധി വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞിരിക്കുന്നത്.
പ്രതിയുടെ മാനസിക പരിശോധനാ റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദേശം നൽകി. പ്രതി കുറ്റക്കാരനെന്ന് വിധിച്ച ശേഷം അസ്ഫാക് ആലത്തിന്റെ മാനസിക നില പരിശോധിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പ്രതിക്ക് യാതൊരു മാനസിക പ്രശ്‌നമില്ലെന്നും സമാനതകളില്ലാത്ത ക്രൂരതയാണ് പ്രതി നടത്തിയതെന്നും പ്രോസിക്യൂഷൻ പറഞ്ഞു. തുടർന്നാണ് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചത്. ഇതുകൂടി കണക്കിലെടുത്താകും നവംബർ 9ന് ശിക്ഷാ വിധി പ്രഖ്യാപിക്കുക.