ആലുവ കൊലപാതകം: അസഫാക്കിന്റെ പശ്ചാത്തലം തേടി അന്വേഷണസംഘം ബിഹാറിലേക്ക്

asfak

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തിൽ അന്വേഷണ സംഘം ബിഹാറിലേക്ക്. പ്രതി അസ്ഫാക്ക് ആലത്തിന്റെ പശ്ചാത്തലം അറിയുന്നതിനായാണ് അന്വേഷണസംഘം ബിഹാറിലേക്ക് പോവുക. അന്വേഷണ സംഘത്തിലെ മൂന്നുപേരാവും പോവുക. പ്രതിക്കെതിരെ കൊലപാതകം, പോക്‌സോ, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ആകെ 9 വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. 

അതേസമയം, കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു. കീഴ്മാട് പൊതുശ്മശാനത്തിൽ ഭോജ്പുരി ആചാരപ്രകാരമായിരുന്നു സംസ്‌കാര ചടങ്ങുകൾ. നാട് ഒന്നാകെ ക്രൂരമായി കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞിന് യാത്രമൊഴി നൽകാനായി എത്തിയിരുന്നു. വികാരനിർഭരമായ കാഴ്ചകളാണ് ആലുവയിൽ കണ്ടത്. 

പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി ആലുവ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് രാവിലെ ഏഴരയോടെയാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. പിന്നീട് തായ്ക്കാട്ടുകര സ്‌കൂളിൽ പൊതുദർശനത്തിന് വെച്ചു. ആയിരങ്ങളാണ് സ്‌കൂളിലേക്ക് കുട്ടിക്ക് യാത്ര നൽകാനായി ഒഴുകിയെത്തിയത്.
 

Share this story