ആലുവ പീഡനം: പ്രതിയായ പാറശാല സ്വദേശി ക്രിസ്റ്റിൻ പിടിയിൽ

ആലുവയിൽ ബിഹാർ സ്വദേശികളുടെ ഉറങ്ങിക്കിടന്ന എട്ട് വയസ്സുകാരി കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതി പിടിയിൽ. ആലുവ ബാറിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. തിരുവനന്തപുരം പാറശാല ചെങ്കൽ സ്വദേശി ക്രിസ്റ്റിനാണ്(36) പിടിയിലായത്. 2017ൽ വയോധികയെ പീഡിപ്പിച്ച കേസിൽ പ്രതിയായതോടെ ഇയാൾ നാട്ടിൽ നിന്നും മുങ്ങുകയായിരുന്നു.
ഒന്നര വർഷത്തിലേറെയായി ഇയാൾ നാട്ടിലേക്ക് പോയിട്ട്. മൃഗങ്ങളെ ലൈംഗികമായി ഉപദ്രവിച്ച സംഭവങ്ങളും ഇയാൾക്കെതിരെയുണ്ട്. കുട്ടിക്കാലം മുതലേ മോഷണക്കേസുകളിൽ പ്രതിയായിരുന്നു. വീട്ടുകാരുമായും നാട്ടുകാരുമായും അടുപ്പമില്ല. ലഹരിക്ക് അടിമയാണെന്നും നാട്ടുകാർ പറയുന്നു.
ആലുവ ചാത്തൻപുറത്താണ് അതിഥി തൊഴിലാളികളുടെ മകളെ ഇയാൾ പീഡിപ്പിച്ചത്. കുട്ടി മാതാപിതാക്കൾക്കൊപ്പം ഉറങ്ങുന്നതിനിടെ ഇയാൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ബഹളം കേട്ട നാട്ടുകാരാണ് കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.