ഭൂപതിവ് നിയമ ഭേദഗതി ഓഗസ്റ്റിൽ; പുതിയ ചട്ടം നിലവിലുള്ള കേസുകൾ പരിഗണിച്ച്: റവന്യു മന്ത്രി

rajan

ഭൂപതിവ് നിയമഭേദഗതി ഓഗസ്റ്റിൽ പ്രാബല്യത്തിൽ വരുമെന്ന് റവന്യൂമന്ത്രി കെ.രാജൻ. നിയമ വകുപ്പിന്റെ അഭിപ്രായവും നിലവിലുള്ള കേസുകളും പരിഗണിച്ചാകും ചട്ടങ്ങൾ തയാറാക്കുക. പട്ടയഭൂമിയിലെ കെട്ടിടങ്ങൾ നിയമവിധേയമാക്കാൻ ജനങ്ങളിൽ നിന്നും ഫീസ് ഈടാക്കില്ലെന്നും മന്ത്രി  പറഞ്ഞു. 

ഭൂപതിവ് നിയമം അനുസരിച്ച് പതിച്ചുനൽകിയ ഭൂമിയിൽ മറ്റ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത് ഹൈക്കോടതി വിലക്കിയിരുന്നു. ഇതു മറികടക്കാനാണ് നിയമഭേദഗതി. ബില്ലിന് ഗവർണറുടെ അംഗീകാരം ലഭിച്ചതോടെ ചട്ട നിർമാണത്തിലേക്ക് കടക്കും. നിയമഭേദഗതി ഓഗസ്റ്റിൽ പ്രാബല്യത്തിൽ വരുമെന്നും നിലവിലുള്ള കേസുകൾ കൂടി പരിഗണിച്ചാകും പുതിയ ചട്ടങ്ങളെന്നും റവന്യൂമന്ത്രി കെ.രാജൻ പറഞ്ഞു.

കെട്ടിടങ്ങൾ നിയമവിധേയമാക്കാൻ ഫീസ് ഈടാക്കില്ല. ഇതു സർക്കാരിന്റെ താൽപര്യമാണ്. വീടു നിർമാണത്തിനും കൃഷിക്കുമായി പതിച്ചു നൽകിയ ഭൂമിയിൽ ജീവനോപാധിക്കായി നടത്തിയ നിർമാണങ്ങൾ ഹൈക്കോടതി വിധിയോടെ അനധികൃതമായി മാറി. ഇതു പതിനായിരക്കണക്കിനാളുകളുടെ പ്രതിസന്ധിയിലാക്കി. ഇടുക്കി, വയനാട് തുടങ്ങിയ മലയോരമേഖലകളിൽ ജനജീവിതം ബുദ്ധിമുട്ടിലായ സാഹചര്യത്തിലാണ് നിയമഭേദഗതിക്ക് തീരുമാനിച്ചത്.

Share this story