മഹാരാജാസിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; പോലീസ് വിവരങ്ങൾ ശേഖരിച്ചു
Aug 16, 2023, 12:40 IST

മഹാരാജാസ് കോളജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ വിവരങ്ങൾ തേടി പോലീസ്. എറണാകുളം സെൻട്രൽ പോലീസാണ് അധ്യാപകനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. അധ്യാപകനെ കെ എസ് യു ഭാരവാഹി അടക്കമുള്ള വിദ്യാർഥികൾ അപമാനിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു.
സംഭവത്തിൽ അധ്യാപകന്റെ പരാതി പോലീസിൽ കൈമാറാൻ കോളജ് കൗൺസിൽ തീരുമാനിച്ചിരുന്നു. ആറ് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്യാനും തീരുമാനമായിട്ടുണ്ട്. കുട്ടികളുടെ നടപടി വേദനിപ്പിച്ചുവെന്നാണ് അധ്യാപകൻ ഡോ. പ്രിയേഷ് പ്രതികരിച്ചത്. കെ എസ് യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസിൽ അടക്കം ആറ് പേരെയാണ് സസ്‌പെൻഡ് ചെയ്തത്. ക്ലാസ് നടക്കുമ്പോൾ കളിച്ചും ചിരിച്ചും മൊബൈൽ നോക്കിയുമാണ് വിദ്യാർഥികൾ കാഴ്ച പരിമിതിയുള്ള അധ്യാപകനെ പരിഹസിച്ചത്.