അനിൽകാന്ത് ഈ മാസം 30ന് വിരമിക്കും; പുതിയ ഡിജിപിയെ കണ്ടെത്താനുള്ള യോഗം നാളെ

സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയെ കണ്ടെത്താനുള്ള യോഗം നാളെ ഡൽഹിയിൽ നടക്കും. സംസ്ഥാന സർക്കാർ നൽകിയ എട്ട് പേരുടെ പട്ടികയിൽ നിന്ന് മൂന്ന് പേരെ ഉന്നതതല യോഗം നിർദേശിക്കും. ഈമാസം 30നാണ് അനിൽകാന്ത് വിരമിക്കുന്നത്. ആറ് മാസം സർവീസ് ബാക്കി നിൽക്കെയാണ് അനിൽകാന്തിനെ ഡിജിപിയായി സർക്കാർ നിയമിച്ചത്. പിന്നീട് രണ്ട് വർഷം കൂടി സർവീസ് നീട്ടി നൽകുകയായിരുന്നു
ഡിജിപിമാരായ നിതിൻ അഗർവാൾ, കെ പത്മകുമാർ, ഷെയ്ക്ക് ദർവേസ് സാഹിബ് എന്നിവരാണ് പട്ടികയിലെ ആദ്യ മൂന്ന് പേർ. നിതിൻ അഗർവാൾ ബിഎസ്എഫ് ഡയറക്ടറായി ചുമതലയേറ്റതിനാൽ സംസ്ഥാന സർവീസിലേക്ക് മടങ്ങിവരാൻ സാധ്യത കുറവാണ്. നാലാമതുള്ള ഹരിനാഥ് മിശ്രയും കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്.
പത്മകുമാർ, ഷെയ്ക്ക് ദർവേസ് സാഹിബ് എന്നിവരിൽ ഒരാൾ അടുത്ത പോലീസ് മേധാവിയാകാനാണ് സാധ്യത. രണ്ട് പേർക്കും രണ്ട് വർഷം സർവീസ് ബാക്കിയുണ്ട്.