അനുഷയുടെയും അരുണിന്റെയും വാട്‌സാപ്പ് ചാറ്റുകൾ വീണ്ടെടുക്കും; അന്വേഷണം ഊർജിതമാക്കി പോലീസ്

പരുമല ആശുപത്രിയിൽ യുവതിക്ക് നേരെയുണ്ടായ കൊലപാതക ശ്രമത്തിൽ അന്വേഷണം പോലീസ് ഊർജിതമാക്കി. പ്രതി അനുഷക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. അനുഷയുടെ കസ്റ്റഡിക്കായി നാളെ കോടതിയിൽ അപേക്ഷ നൽകും.
നിലവിൽ അനുഷ മാത്രമാണ് പ്രതി. സാക്ഷി മൊഴികൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. കൊലപാതക ശ്രമം നടക്കുമ്പോൾ ധരിച്ച കോട്ടും ഉപയോഗിച്ച സിറിഞ്ചും പിടിച്ചെടുത്തിട്ടുണ്ട്. പ്രസവ ശേഷം ആശുപത്രിയിൽ വിശ്രമിക്കുകയായിരുന്ന സ്‌നേഹയെന്ന യുവതിയെയാണ് അനുഷ കൊലപ്പെടുത്താൻ ശ്രമിച്ചത്. സ്‌നേഹയുടെ ഭർത്താവ് അരുണിന്റെ കാമുകയാണ് അനുഷ
കൊലപാതക ശ്രമത്തിന് മുമ്പ് അരുണുമായുള്ള വാട്‌സാപ്പ് ചാറ്റുകൾ അനുഷ നീക്കം ചെയ്തിരുന്നു. ഇത് വീണ്ടെടുക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്. അരുൺ തന്നിൽ നിന്നും അകലുന്നു എന്ന് തോന്നിയതോടെയാണ് ഭാര്യയെ കൊല്ലാൻ ശ്രമിച്ചതെന്നാണ് അനുഷ പോലീസിന് നൽകിയ മൊഴി.