ലഹരിക്കേസിൽ ബ്യൂട്ടി പാർലർ ഉടമയെ കുടുക്കിയ സംഭവം; കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി

sheela

ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയായ സ്ത്രീയിൽ നിന്ന് ലഹരി വസ്തുക്കൾ പിടിച്ചെടുത്ത കേസ് കളവാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. എക്‌സൈസ് പരിശോധനകളെ സ്വാർഥ താത്പര്യങ്ങൾക്കായി ആരെങ്കിലും ഉപയോഗിച്ചാൽ കർശന നടപടിയുണ്ടാകും. കുറ്റക്കാരനായ ഉദ്യോഗസ്ഥനെ ജില്ലക്ക് പുറത്തേക്ക് സ്ഥലം മാറ്റിയിരുന്നുവെന്നും മന്ത്രി കോട്ടയത്ത് പറഞ്ഞു

അതേസമയം ലഹരിക്കേസിൽ എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതിക്കാരി കോടതിയെ സമീപിക്കും. ഉദ്യോഗസ്ഥർക്കെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്യാനാണ് ഷീല സണ്ണിയുടെ തീരുമാനം. ലഹരി കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്ന് വീട്ടമ്മ അറിയിച്ചു. താൻ നേരിട്ടത് കടുത്ത അപമാനമാണെന്ന് വീട്ടമ്മ 24 നോട് വെളിപ്പെടുത്തി. തനിക്ക് പറയാനുള്ളത് എന്തെന്ന് പോലും കേൾക്കാൻ എക്‌സൈസ് തയ്യാറായില്ലെന്നും വീട്ടമ്മ കുറ്റപ്പെടുത്തുന്നു.

കേസിൽ എക്സൈസിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണിയിൽ നിന്ന് പിടികൂടിയത് ലഹരിമരുന്നല്ലെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ. പരിശോധനയുടെ ലാബ് റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് ലഹരിമരുന്നല്ലെന്ന് വ്യക്തമായത്. തുടർന്നാണ് തനിക്കുനേരെയുണ്ടായത് കള്ളക്കേസാണെന്ന ആരോപണവുമായി ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണി രംഗത്തെത്തിയത്.

Share this story