കുറച്ച് ഉത്തരവാദിത്തതോടെ പെരുമാറണം; അരിക്കൊമ്പൻ ഹർജിയിൽ സാബുവിന് ഹൈക്കോടതിയുടെ വിമർശനം

sabu

അരിക്കൊമ്പന് സുരക്ഷയും ചികിത്സയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിന് ഹൈക്കോടതിയുടെ വിമർശനം. ആനയെ കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് എന്തടിസ്ഥാനത്തിലാണ് പറയുന്നതെന്ന് കോടതി ചോദിച്ചു. ഹർജിയുടെ സത്യസന്ധത സംശയിക്കുന്നതായും ഹൈക്കോടതി വ്യക്തമാക്കി

ആന തമിഴ്‌നാടിന്റെ ഭാഗത്താണുള്ളത്. ഉൾവനത്തിലേക്ക് ആനയെ അയക്കണമെന്നാണ് തമിഴ്‌നാട് പറയുന്നത്. തമിഴ്‌നാട് വനംവകുപ്പ് ആനയെ എന്തെങ്കിലും രീതിയിൽ ഉപദ്രവിച്ചതായി തെളിവില്ല. ആനയെ സംരക്ഷിക്കാമെന്ന് അവർ അറിയിച്ചിട്ടുണ്ട്. ആ സ്ഥിതിക്ക് എന്തിനാണ് ആനയെ തിരികെ കൊണ്ടുവരണമെന്ന് നിങ്ങൾ പറയുന്നത്. പൊതുതാത്പര്യ ഹർജികളിൽ പൊതുതാത്പര്യമുണ്ടാകണം. ജീവിതത്തിൽ എന്നെങ്കിലും ഉൾക്കാട്ടിൽ പോയ അനുഭവമുണ്ടോയെന്നും സാബുവിനോട് ഹൈക്കോടതി ചോദിച്ചു

ഹർജിക്കാരൻ രാഷ്ട്രീയ പാർട്ടി നേതാവാണ്. ആ ഉത്തരവാദിത്വത്തോടെ പെരുമാറണം. കേരളത്തിലെ രാഷ്ട്രീയ പാർട്ടിയുടെ നേതാവിന് തമിഴ്‌നാട്ടിലെ വിഷയത്തിൽ എന്താണ് കാര്യം. തമിഴ്‌നാട്ടിൽ നടക്കുന്ന കാര്യങ്ങളിൽ പരാതിയുണ്ടെങ്കിൽ മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനും കോടതി നിർദേശിച്ചു.
 

Share this story