ബ്രഹ്മപുരത്തെ തീപിടുത്തം; പ്രദേശവാസികൾ വീടുകളിൽ കഴിയണമെന്ന് കലക്‌ടർ രേണു രാജ്

kerala

അപകടസാധ്യത കണക്കിലെടുത്ത് ബ്രഹ്മപുരം പരിസരത്ത് നാളെ കഴിവതും ജനങ്ങൾ പുറത്തിറങ്ങാതെ വീടുകളിൽ തന്നെ കഴിയണമെന്ന് ജില്ലാ കലക്‌ടർ രേണു രാജ്. അവധി ദിനമായതിനാൽ എല്ലാവരും പരമാവധി സഹകരിക്കണമെന്നും കലക്‌ടർ ജനങ്ങളോട് അഭ്യർത്ഥിച്ചു. നിലവിൽ ഇരുപത് അഗ്നിരക്ഷാ എഞ്ചിനുകൾ തീയണയ്ക്കാനുള്ള ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ടെന്നും കലക്‌ടർ അറിയിച്ചിട്ടുണ്ട്. 

അതേസമയം, രണ്ട്  ദിവസം പിന്നിടുമ്പോഴും കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ അണയ്ക്കാൻ കഴിഞ്ഞിട്ടില്ല. ഇവിടെയുള്ള പ്ലാസ്‌റ്റിക് മാലിന്യത്തിലെ തീ കെടാത്തതാണ് പ്രതിസന്ധി. കൂടുതൽ ഫയർ എഞ്ചിനടക്കം എത്തിച്ച് നാളെ വൈകീട്ടോടെ തീകെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഫയർ എഞ്ചിനുകൾക്ക് പ്രവർത്തിക്കാൻ തടസം നേരിടുമെന്നതിനാൽ നേവി, എയർ ഫോഴ്‌സ് യൂണിറ്റുകളെ തീകെടുത്താനായി സമീപിക്കേണ്ട എന്നാണ് തീരുമാനം.

പ്ലാന്റിൽ നിന്നും ഇപ്പോഴും പുക ഉയരുകയാണ്. കെടുത്തുംതോറും പ്ലാസ്റ്റിക് മാലിന്യത്തിലെ കനലുകൾ വീണ്ടും പടരുകയാണ്. ഇതോടെയാണ് കൂടുതൽ കൂടിയാലോചനയ്ക്ക് ശേഷം ജില്ലാ ഭരണകൂടം പുതിയ ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നത്. ബിപിസിഎല്ലിനൊപ്പം കൊച്ചിയിലെ പൊതുമേഖല സ്ഥാപനങ്ങളുടെ ഫയർ എഞ്ചിനുകളടക്കം ബ്രഹ്മപുരത്തേക്ക് എത്തിയിട്ടുണ്ട്.

Share this story