കൈക്കൂലി കേസ്: സുരേഷ് കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിടാനുള്ള നടപടികൾ തുടങ്ങി സർക്കാർ

പാലക്കയം കൈക്കൂലി കേസിൽ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാറിനെതിരെ കടുത്ത നീക്കവുമായി സർക്കാർ. സർവീസിൽ നിന്ന് പിരിച്ചുവിടുന്നതടക്കമുള്ള കാര്യങ്ങൾ റവന്യു വകുപ്പ് പരിഗണിക്കുകയാണ്. ഇതിന്റെ ഭാഗമായി സുരേഷ് കുമാർ ജോലി ചെയ്ത മുഴുവൻ സ്ഥാപനങ്ങളിലും പരിശോധന നടത്തും. അഡ്വ. ജനറലിനോട് നിയമോപദേശം തേടാനും തീരുമാനമായിട്ടുണ്ട്
ലക്ഷക്കണക്കിന് രൂപയാണ് സുരേഷ് കുമാറിൽ നിന്നും വിജിലൻസ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത പണവും നിക്ഷേപവും വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തപ്പോൾ വാങ്ങിയ കൈക്കൂലിയാണെന്നാണ് വിലയിരുത്തൽ. ഇതേ തുടർന്നാണ് സമഗ്ര പരിശോധന നടത്താൻ തീരുമാനിച്ചത്.
സുരേഷ് കുമാർ സർവീസിൽ കയറിയ കാലം തൊട്ടുള്ള പെരുമാറ്റം പരിശോധിക്കും. സർവീസിൽ കയറിയ ശേഷമുള്ള എല്ലാ ഓഫീസുകളിലും റവന്യൂ സംഘം അന്വേഷണം നടത്താനാണ് തീരുമാനം. സ്ഥിരം കൈക്കൂലിക്കാരനാണെന്ന് കണ്ടെത്തിയാൽ സർവീസിൽ നിന്നും പിരിച്ചുവിടും.