കണ്ണൂരിൽ മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിലിന് തണ്ടർ ബോൾട്ടിന് ബുള്ളറ്റ് പ്രൂഫ് വാഹനം എത്തി

thunderbolt

കണ്ണൂരിലെ വനമേഖലകളിൽ തമ്പടിച്ച മാവോയിസ്റ്റുകൾക്കായി തെരച്ചിൽ നടത്തുന്നതിന് തണ്ടർ ബോൾട്ടിന് ബുള്ളറ്റ് പ്രൂഫ് വാഹനം എത്തി. മാവോയിസ്റ്റുകൾക്കായി തെരച്ചിൽ ഊർജിതമാക്കിയതിന് പിന്നാലെയാണ് കരിക്കോട്ടക്കരി സ്‌റ്റേഷനിൽ ബുള്ളറ്റ് പ്രൂഫ് വാഹനം എത്തിയത്. ഇത് ഉടൻ തണ്ടർ ബോൾട്ടിന് കൈമാറും

വനത്തിലെ ദുർഘടമായ വഴിയിലൂടെ വേഗത്തിൽ കയറിപ്പോകാനും വാഹനത്തിനുള്ളിൽ നിന്ന് തന്നെ മാവോയിസ്റ്റുകളെ ആക്രമണത്തെ പ്രതിരോധിക്കാനും വെടിയുതിർക്കാനും ഈ വാഹനം കൈവശം കിട്ടുന്നതോടെ തണ്ടർബോൾട്ടിന് സാധിക്കും. വയനാട്ടിൽ പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട അഞ്ചംഗ മാവോയിസ്റ്റ് സംഘത്തിലെ മൂന്ന് പേരെ കണ്ടെത്താനുള്ള അന്വേഷണവും പോലീസ് ശക്തമാക്കിയിട്ടുണ്ട്. 

ആറളം, കൊട്ടിയൂർ, കണ്ണവം വനമേഖലകളും കർണാടകയിലെ ബ്രഹ്മഗിരി വന്യജീവി സങ്കേതവും പോലീസിന്റെയും വനംവകുപ്പിന്റെയും നിരീക്ഷണത്തിലാണ്. വനമേഖലയോട് ചേർന്ന ഗ്രാമങ്ങളിലും തണ്ടർ ബോൾട്ട് നിലയുറപ്പിച്ചിട്ടുണ്ട്.
 

Share this story