വൈദ്യുതി വാങ്ങാനുള്ള ദീർഘകാല കരാർ റദ്ദാക്കി; പിന്നാലെ 4.5 രൂപയ്ക്ക് നൽകിയിരുന്ന വൈദ്യുതി 8 രൂപയിലേക്ക് ഉയർത്തി കമ്പനികൾ

Electric

വൈദ്യുതി വാങ്ങാനുള്ള ദീർഘകാല കരാർ റദ്ദാക്കിയതിന് പിന്നാലെ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി നൽകുന്നതിൽ നിന്നും കമ്പനികൾ പിന്മാറി. ഇതോടെ കെ.എസ്.ഇ.ബിക്ക് ദിവസേന ഉണ്ടാകുന്നത് വൻനഷ്ടം. കരാർ റദ്ദാക്കിയതോടെ നാലര രൂപയ്ക്ക് നൽകിയിരുന്ന വൈദ്യുതി 8 രൂപയ്ക്കാണ് കമ്പനികൾ നൽകുന്നത്. പുതിയ കരാറുണ്ടാക്കുന്നതുവരെ 225 കോടിയുടെ നഷ്ടമാണ് ബോർഡിനുണ്ടാകുക.

കുറഞ്ഞ നിരക്കിൽ ദീർഘകാലത്തേക്ക് 465 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാനുള്ള വൈദ്യുതി കരാറുകളാണ് റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയത്. ഇതാണ് കേരളത്തിന് അധിക ബാധ്യതയാകുന്നത്. ജിൻഡാൽ ഇന്ത്യാ പവർ, ജിൻഡാൽ ഇന്ത്യാ തെർമൽ പവർ, ജാബുവാ പവർ എന്നീ കമ്പനികളുമായുണ്ടായിരുന്ന കരാറാണ് റദ്ദാക്കിയത്. ദക്ഷിണേന്ത്യയിൽ ലഭിച്ചിരുന്ന ഏറ്റവും കുറഞ്ഞ നിരക്കായ നാലര രൂപയ്ക്ക് വൈദ്യുതി വാങ്ങാനാണ് കരാറിൽ ഏർപ്പെട്ടത്. കരാർ റദ്ദാക്കിയെങ്കിലും പ്രതിസന്ധി ഒഴിവാക്കാൻ, പുതിയ കരാറുണ്ടാക്കുന്നതുവരെ 75 ദിവസത്തേക്ക് കൂടി ഈ കമ്പനികളിൽ നിന്നും വൈദ്യുതി വാങ്ങാൻ കമ്മിഷൻ അനുമതി നൽകി. എന്നാൽ കരാർ റദ്ദാക്കിയതോടെ കമ്പനികൾ പിന്മാറി. കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകേണ്ട നിയമപരമായ ബാധ്യത കമ്പനികൾക്ക് ഇല്ലാതായി.

പവർ എക്സ്ചേഞ്ചിലും വൈദ്യുതിക്ക് ഉയർന്ന വിലയാണുള്ളത്. ഇതോടെ നാലര രൂപയ്ക്ക് ലഭിച്ചുകൊണ്ടിരുന്ന ആറര രൂപ മുതൽ എട്ട് രൂപയക്കാണ് വാങ്ങേണ്ടി വരുന്നത്. കരാർ റദ്ദാക്കിയതോടെ ഓരോ ദിവസവും മൂന്നുകോടിയുടെ അധിക ബാധ്യതയാണ് ബോർഡിനുണ്ടാകുന്നത്. കമ്പനികൾക്കാകട്ടെ കോടികളുടെ ലാഭവും. കരാറിൽ നിന്നും പിന്മാറുന്നതു വഴി കമ്പനികൾക്ക് നഷ്ടപരിഹാരവും നൽകേണ്ടി വരും. കരാർ റദ്ദാക്കിയതിനെതിരെ ഗുരുതര ആരോപണവും ഉയർന്നുകഴിഞ്ഞു. ഇടതു നോമിനികൾ അംഗങ്ങളായ റെഗുലേറ്ററി കമ്മിഷൻ കരാർ റദ്ദാക്കിയതിൽ ദുരൂഹതയുണ്ടെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടോമി കല്ലാനി ആരോപിച്ചു. കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് കോൺഫെഡറേഷന്റെ വർക്കിംഗ് കമ്മിറ്റി യോഗത്തിലായിരുന്നു ഈ ആരോപണം.

Share this story