എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
Aug 17, 2023, 17:38 IST

എറണാകുളം വടക്കൻ പറവൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാർ പൂർണമായി കത്തി നശിച്ചെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഉച്ചയ്ക്ക് 12 മണിയോടെ പറവൂർ നഗരത്തിൽ അമ്മൻകോവിൽ റോഡിലായിരുന്നു സംഭവം. ചെറായി കുറുപ്പംകടവിൽ ഗോപകുമാറിന്റെ കാറാണ് കത്തിനശിച്ചത്.
പെന്റാ പ്ലാസ ഷോപ്പിംഗ് കോംപ്ലക്‌സിന് സമീപമെത്തിയപ്പോൾ കാറിൽ നിന്ന് പുക ഉയരുകയായിരുന്നു. വാഹനം അമ്മൻകോവിൽ റോഡിലേക്ക് കയറ്റി നിർത്തി യാത്രക്കാർ പുറത്തിറങ്ങിയതോടെ തീ ആളിക്കത്തുകയായിരുന്നു. ഇതിന് സമീപത്തായി നിർത്തിയിട്ടിരുന്ന മറ്റൊരു കാറിന്റെ പിന്നിലെ ബ്രേക്ക് ലൈറ്റ് ഉരുകി നശിച്ചു. അഗ്നിരക്ഷാ സേന എത്തിയാണ് തീയണച്ചത്.