പോലീസിനെ വെട്ടിച്ച് പായുന്നതിനിടെ കാർ മറിഞ്ഞ് അപകടം; ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

Dead

കാസർഗോഡ്: കുമ്പളയില്‍ പോലീസിനെ വെട്ടിച്ച് പായുന്നതിനിടെ കാർ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. അംഗഡിമൊഗർ ജിഎച്ച്എസ്എസ്സിലെ പ്ലസ് ടു വിദ്യാർത്ഥിയായ ഫർഹാസ് ആണ് മരിച്ചത്.  പതിനേഴു വയസായിരുന്നു. കാസർഗോഡ് കുമ്പളയിൽ കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു അപകടം നടന്നത്.

മംഗളൂരുവിൽ ചികിത്സയിലിരിക്കെയായിരുന്നു ഫർഹാസ് മരിച്ചത്.   ഇതിനിടയിൽ കുമ്പള പോലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷനും, മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.  പ്ലസ്ടു വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ പൊലീസ് പിന്തുടരുന്നതിനിടെ തലകീഴായി മറിയുകയായിരുന്നു.  കാറിൽ നാല് വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്.

വാഹന പരിശോധനയ്ക്കിടെ വാഹനം നിർത്താതെ പോയതിനെ തുടർന്നാണ് പോലീസ് ഇവരെ പിന്തുടർന്നത്.  ഇതിനിടെയാണ് ഫർഹാസ് ഓടിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞത്. വിദ്യാര്‍ത്ഥികളുടെ വാഹനം പോലീസ് പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത് ഫർഹാസിന് മാത്രമായിരുന്നു.

Share this story