സർക്കാർ, എസ്എഫ്‌ഐ വിരുദ്ധ പ്രചാരണം നടത്തിയാൽ ഇനിയും കേസെടുക്കും: എം വി ഗോവിന്ദൻ
Jun 11, 2023, 11:44 IST

മാർക്ക് ലിസ്റ്റ് വിവാദത്തിന് പിന്നിലെ ഗൂഢാലോചന പരാതിയിൽ ഏഷ്യാനെറ്റ് റിപ്പോർട്ടറും പങ്കാളിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സർക്കാർ വിരുദ്ധ, എസ് എഫ് ഐ വിരുദ്ധ പ്രചാരണം നടത്തിയാൽ ഇനിയും കേസെടുക്കുമെന്നും ഇതിന് മുമ്പും ഇങ്ങനെ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ മാധ്യമങ്ങളുടേതായ സ്റ്റാൻഡിലെ നിൽക്കാവൂ.
അന്വേഷണത്തിന്റെ ഭാഗമായി തെറ്റ് ചെയ്‌തെന്ന് കണ്ടെത്തിയാൽ ആരായാലും അവർക്കെതിരെ കേസെടുക്കും. ഗൂഢാലോചനയിൽ പങ്കെടുത്ത എല്ലാവരെയും കേസിന്റെ ഭാഗമായി കൈകാര്യം ചെയ്യുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കേന്ദ്രത്തിന്റെ മാധ്യമവേട്ടയുമായി സംഭവത്തെ താരതമ്യം ചെയ്യേണ്ടതില്ല. ഈ കേസ് തികച്ചും വ്യത്യസ്തമാണ്. മാധ്യമത്തിന്റെ പേരും പറഞ്ഞ് ആർക്കും കേസിൽ നിന്ന് ഒഴിവാകാൻ കഴിയില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു