വിശ്വാസ വിഷയങ്ങളിൽ അഭിപ്രായം പറയുമ്പോൾ ജാഗ്രത വേണം: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ഗണപതി മിത്ത് എന്ന സ്പീക്കർ എ.എൻ. ഷംസീർ ഉയർത്തിയ വിവാദത്തിൽ പരോക്ഷ നിർദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പറയുന്ന കാര്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാന്‍ സാധ്യതയുള്ള കാലമാണ്. അക്കാര്യത്തില്‍ ജാഗ്രതയുണ്ടാകണം എന്നാണു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
ജാഗ്രതയോടെ മാത്രമേ പരാമര്‍ശങ്ങള്‍ നടത്താവൂ. വിശ്വാസികള്‍ ധാരാളമുള്ള സമൂഹത്തിലാണ് നമ്മള് ജീവിക്കുന്നത്. എല്ലാ വിശ്വാസങ്ങളെയും ഇടതുപക്ഷം ബഹുമാനിക്കുന്നു. വിശ്വാസികള്‍ നിരവധിപ്പേര്‍ നമുക്കൊപ്പം തന്നെയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ, ഗണപതി, മിത്ത് വിവാദം നേരിട്ട് പരാമര്‍ശിക്കാതെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. അതേസമയം, ഈ വിവാദത്തില്‍ ഇതുവരെ മുഖ്യമന്ത്രി പരസ്യപ്രതികരണം നടത്തിയിട്ടില്ല. വരും ദിവസങ്ങളിൽ നിയമസഭയിൽ ഇതു സംബന്ധിച്ച പ്രതികരണമുണ്ടാകാൻ സാധ്യതയുണ്ട്.