എഐ ക്യാമറയുടെ വിലയെത്രയെന്ന് ചെന്നിത്തല; വെളിപ്പെടുത്താനാകില്ലെന്ന് കെൽട്രോൺ

Ramesh Chennithala

എഐ ക്യാമറയുടെ വില എത്രയെന്ന വിവരാവകാശം വഴിയുള്ള ചോദ്യത്തിന് വെളിപ്പെടുത്താനാകില്ലെന്ന കെൽട്രോണിന്റെ മറുപടി അഴിമതി മൂടി വെക്കുന്നതിനാണെന്ന് രമേശ് ചെന്നിത്തല. കെൽട്രോൺ എന്ന പൊതുമേഖലാ സ്ഥാപനത്തിന് യോജിക്കാത്തതും അസംബന്ധവുമായ പ്രതികരണമാണിത്. കെൽട്രോണിന്റെ വിശ്വാസ്യത തന്നെ പൂർണമായും നഷ്ടപ്പെടുത്തുന്ന മറുപടിയാണിതെന്നും ചെന്നിത്തല ആരോപിച്ചു

ക്യാമറയുടെ വില വെളിപ്പെടുത്തിയാൽ ആരുടെ ട്രേഡ് സീക്രട്ടാണ് നഷ്ടപ്പെടുന്നത്. ജനങ്ങളെ കൊള്ളയടിക്കാൻ കൂട്ടുനിൽക്കുന്ന കെൽട്രോണിന്റെയും സർക്കാരിന്റെയും മുഖമാണിവിടെ വികൃതമായിരിക്കുന്നത്. കെൽട്രോൺ ചെയർമാൻ നാരായണമൂർത്തി പറഞ്ഞത് ഒരു ക്യാമറയുടെ വില ഒമ്പത് ലക്ഷമെന്നാണ്. 

ഒരു ലക്ഷം പോലും വിലവരാത്ത ക്യാമറയാണെന്ന് മാലോകർക്കെല്ലാം മനസ്സിലായിട്ടും കെൽട്രോൺ ഇപ്പോഴും കള്ളക്കളി തുടരുകയാണ്. ആദ്യം ഒരുതവണ താൻ ഉന്നയിച്ച ആരോപണം ചോദ്യം ചെയ്ത നാരായണമൂർത്തി രേഖകൾ സഹിതം മറുപടി നൽകിയിട്ട് പിന്നീടിതു വരെ വായ തുറന്നിട്ടില്ല. ഇനിയും ഈ തീവെട്ടി കൊള്ളക്ക് കൂട്ട് നിൽക്കുകയാണെങ്കിൽ ശിവശങ്കറിന്റെ ഗതി തന്നെയാകും അദ്ദേഹത്തിനും വരികയെന്നും ചെന്നിത്തല പറഞ്ഞു.
 

Share this story