സാധാരണക്കാരന്റെ നെഞ്ചത്ത് ചവിട്ടിയാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആഡംബര യാത്ര: സതീശൻ

satheeshan

നവകേരള സദസിനെതിരെ വീണ്ടും വിമർശനവുമായി വി ഡി സതീശൻ ജനകീയ പ്രശ്‌നങ്ങൾ എന്ന് പരിഹരിക്കുമെന്ന് വ്യക്തമാക്കിയിട്ട് വേണം നവകേരള സദസ്സ് നടത്താൻ എന്ന് വി.ഡി സതീശൻ പറഞ്ഞു. സാധാരണക്കാരന്റെ നെഞ്ചിൽ ചവിട്ടിയാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആഡംബര യാത്ര. ജനസമ്പർക്ക യാത്രയെ ആക്ഷേപിച്ചവർ ഉമ്മൻചാണ്ടിയോട് മാപ്പ് പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു

സാമ്പത്തിക പ്രതിസന്ധിയും സാധാരണക്കാരുടെ ജീവൽ പ്രശ്‌നങ്ങളും പരിഹരിക്കാത്ത സർക്കാർ നവകേരള സദസിൽ എന്ത് ജനകീയ പ്രശ്‌നങ്ങളാണ് പരിഗണിക്കുക. 52 ലക്ഷം പേർക്ക് നാല് മാസത്തെ ക്ഷേമ പെൻഷൻ കുടിശികയാണ്. നിരാലംബരായ അവർ മരുന്ന് വാങ്ങാൻ പോലും പണമില്ലാതെ കഷ്ടപ്പെടുകയാണ്. ഇവരുടെ പ്രശ്‌നങ്ങൾ എന്ന് പരിഹരിക്കും.

കർഷകരെല്ലാം കടുത്ത പ്രതിസന്ധിയിലാണ്. പിആർഎസ് വായ്പ നെൽ കർഷകന് തീരാ ബാധ്യതയായിരിക്കുന്നു. നാളികേര കർഷകർ അവഗണന നേരിടുകയാണ്. റബ്ബർ കർഷന്റെ 250 രൂപ താങ്ങുവില എവിടെ. കർഷകരുടെ പ്രശ്‌നങ്ങൾ എന്ന് പരിഹരിക്കും. ലൈഫ് പദ്ധതിയിൽ വീട് ലഭിക്കാനായി 9 ലക്ഷം പേർ കാത്തിരിക്കുന്നു. ഇവർക്ക് ആര് ആശ്വാസം നൽകുമെന്നും സതീശൻ ചോദിച്ചു.
 

Share this story