കോളറ വ്യാപനം: പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം

Veena

നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർ ഹോമിൽ കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. 

മന്ത്രിയുടെ നിർദേശത്തെ തുടർന്ന് ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ആദ്യം ഭക്ഷ്യ വിഷബാധയെന്നാണ് കെയർ ഹോമിലുള്ളവർ സംശയിച്ചത്. രോഗം റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ പെരുമ്പഴുതൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ സ്ഥലത്തെത്തി വേണ്ട ക്രമീകരണങ്ങൾ നടത്തി. 

രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി വെള്ളം ഉൾപ്പെടെയുള്ള സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങൾ കാണുന്നവരുടെ സാമ്പിളുകൾ എത്രയും വേഗം പരിശോധനയ്ക്കയയ്ക്കാൻ മന്ത്രി നിർദേശം നൽകി.

Share this story