ഇന്ധന സെസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി; നടക്കുന്നതെല്ലാം തെറ്റായ പ്രചാരണം: ശമ്പളവും പെന്‍ഷനുമല്ല വികസനത്തിനാണ് റവന്യൂ വരുമാനം ചിലവിടുന്നത്

CM

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് തെറ്റായ പ്രചാരണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനത്തിനാണ് റവന്യൂ വരുമാനത്തിന്റെ ഗണ്യമായ പങ്ക് ചിലവഴിക്കുന്നത്. എന്നാല്‍ ശമ്പളത്തിനും പെന്‍ഷനുമാണ് ചിലവഴിക്കുന്നത് എന്ന വ്യാജ പ്രചാരണം നടക്കുന്നു. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച 2 രൂപ ഇന്ധന സെസിനെതിരായ സമരത്തിനെതിരെയും  മുഖ്യമന്ത്രി  രംഗത്ത് വന്നു. എണ്ണവില നിർണയിക്കാൻ കമ്പനികളെ അനുവദിച്ചവരാണ് സമരം നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ധന സെസിനെതിരെ കോൺഗ്രസിനൊപ്പം ബിജെപിയും വന്നത് വിചിത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് അതിഭയങ്കര ധൂര്‍ത്തെന്നു പ്രചാരണം നടത്തുന്നു. സംസ്ഥാനത്തിന്റെ കടം 1.5 ശതമാനം കുറഞ്ഞു.  തനത് നികുതി വരുമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് കൂടി. ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രമാണ്.  വായ്പ എടുക്കാന്‍ കേന്ദ്രം അനുമതി നല്‍കുന്നില്ല. ജനങ്ങള്‍ എല്ലാം മനസിലാക്കുന്നുണ്ട്‌. സംസ്ഥാനത്തിന്റെ സാമ്പത്തിക അവസ്ഥയുടെ താളം തെറ്റിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു. വിശദമായ പരാതി കേരളം കേന്ദ്രത്തിനു അയച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ നടപടികളാണ് ധനഞെരുക്കം ഉണ്ടാകുന്നത്. ഇത് മനസിലാക്കാന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും കഴിയുന്നില്ല. വികസന പദ്ധതികള്‍ കിഫ്ബിയിലൂടെ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതെല്ലാം മറച്ചുവെച്ച് കിഫ്ബിയ്ക്ക് എതിരെ പ്രചാരണം നടത്തുകയാണ് ചെയ്യുന്നത്.

എണ്ണകമ്പനികൾക്ക് തരാതരം പോലെ വില കൂട്ടാൻ അധികാരം നൽകിയവരാണ് ഇരു പാർട്ടികളും. എണ്ണക്കമ്പനികളെ പ്രീണിപ്പിച്ച് ജനങ്ങളെ പിഴിഞ്ഞവരാണ് കോൺഗ്രസ്. 2015ലെ ബജറ്റിൽ ഇന്ധനത്തിന് യുഡിഎഫ് സർക്കാർ ഒരു രൂപ നികുതി ഈടാക്കി. ഇന്നത്തേക്കാൾ പകുതിക്കടുത്ത് വില മാത്രമേ ഇന്ധനത്തിന് ഉണ്ടായിരുന്നുള്ളൂ. ഞെരുക്കി തോൽപ്പിക്കാൻ കേന്ദ്രസർക്കാരും അതിനു കുടപിടിക്കാൻ യുഡിഎഫ് എന്നതാണ് അവസ്ഥ. ഇതെല്ലാം ജനം മനസിലാക്കുന്നുണ്ട്. അവർ ഇതൊന്നും മുഖവിലയ്ക്കെടുക്കില്ല. കേന്ദ്രത്തിന്റെ നയങ്ങളാണ് നികുതി വർധനവിലേക്കു നയിച്ചത്. 

കേരളം കടക്കെണിയിലാണെന്നും ധനധൂർത്താണെന്നും ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നു. ഇപ്പോൾ അതിന്റെ ആവേശം കുറഞ്ഞു. 2020–21 സാമ്പത്തിക വർഷം ആഭ്യന്തര വരുമാനത്തിന്റെ 38.51 ശതമാനമായിരുന്നു കടം. അത് 2021–22ൽ 37.01 ശതമാനമായി കുറഞ്ഞു. 22–23ൽ 36.38 ശതമാനമായെന്നും മുഖ്യമന്ത്രി പറഞ്ഞു

Share this story