അതിഥി തൊഴിലാളികളെ കുറിച്ച് ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കണം: കെ സുധാകരൻ

സംസ്ഥാനത്തെ അതിഥി തൊഴിലാളികളെ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ആശങ്ക പരിഹരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഈ കേസിലെ പ്രതി അസഫാക് ആലമിന് പത്ത് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിന് ജയിലിലായ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിയ പശ്ചാത്തലമുണ്ട്. സമീപകാലത്ത് അതിഥി തൊഴിലാളികൾ ഉൾപ്പെട്ട പല ക്രിമിനൽ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്
സംസ്ഥാനത്ത് 31 ലക്ഷത്തോളം വരുന്ന അതിഥി തൊഴിലാളികളിൽ എത്ര പേർ ഇത്തരം ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന ആശങ്ക ഉയരുന്നു. അഞ്ച് ലക്ഷം പേർ മാത്രമാണുള്ളതെന്ന സർക്കാരിന്റെ കണക്കും 31 ലക്ഷം പേരുണ്ടെന്ന അനൗദ്യോഗിക കണക്കും തമ്മിലുള്ള പൊരുത്തക്കേട് മാത്രം മതി ഈ വിഷയത്തെ എത്ര ലാഘവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് മനസ്സിലാക്കാൻ. 2016-22 കാലത്ത് 159 അതിഥി തൊഴിലാളികൾ കൊലക്കേസ് പ്രതികളായിട്ടുണ്ടെന്ന കണക്കും ഞെട്ടലുണ്ടാക്കുന്നതാണെന്നും സുധാകരൻ പറഞ്ഞു