ഞങ്ങളുടെ പിന്തുണ കോൺഗ്രസ് പ്രതീക്ഷിക്കേണ്ട: മമത

കോൽക്കത്ത: ദേശീയ തലത്തിൽ ബിജെപിക്കെതിരേ പോരാട്ടത്തിൽ തൃണമൂൽ കോൺഗ്രസിന്റെ പിന്തുണ കോൺഗ്രസ് പ്രതീക്ഷിക്കേണ്ടെന്നു പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിക്കും സിപിഎമ്മിനുമൊപ്പം ചേർന്നു കോൺഗ്രസ് തങ്ങൾക്കെതിരേ പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടാണ് മമതയുടെ പ്രസ്താവന.
23ന് പറ്റ്നയിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ബിജെപിക്കെതിരേ വിശാല പ്രതിപക്ഷ സഖ്യം ലക്ഷ്യമിട്ട് ചേരുന്ന യോഗത്തിൽ കോൺഗ്രസും തൃണമൂൽ കോൺഗ്രസും പങ്കെടുക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണു കോൺഗ്രസിനെ പിന്തുണയ്ക്കില്ലെന്നു മമത വ്യക്തമാക്കിയത്.
അതേസമയം, പശ്ചിമ ബംഗാളിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രികാ സമർപ്പണം സമാധാനപരമായിരുന്നെന്നും മമത അവകാശപ്പെട്ടു. അക്രമങ്ങളിൽ മൂന്നു പേർ കൊല്ലപ്പെട്ട ഭാംഗോർ സന്ദർശിച്ചശേഷം ഗവർണർ സി.വി. ആനന്ദബോസ്, രാഷ്ട്രീയ അക്രമങ്ങൾക്ക് അവസാനമുണ്ടാകണമെന്ന് അഭ്യർഥിച്ചിരുന്നു. തുടർച്ചയായ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പിന് കേന്ദ്ര സേനയുടെ സുരക്ഷ ഏർപ്പെടുത്താൻ ഹൈക്കോടതി നിർദേശിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം നാമനിർദേശ പത്രിക സമർപ്പിക്കാൻ പോയ സിപിഎം- കോൺഗ്രസ് സംഘത്തിനു നേരേ തൃണമൂൽ പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്കാണ് ഒറ്റപ്പെട്ട സംഭവങ്ങൾ ഉയർത്തിക്കാട്ടുകയാണു പ്രതിപക്ഷമെന്നു മമത പറഞ്ഞത്. അതിനിടെ, വടക്കൻ 24 പർഗാനാസിലെ ബാസിർഘട്ടിൽ കഴിഞ്ഞ ദിവസം പത്രികാ സമർപ്പണത്തിൽ നിന്നു തടയപ്പെട്ടവർക്ക് ഇന്നലെ നാമനിർദേശ പത്രിക സമർപ്പിക്കാൻ ഹൈക്കോടതി അവസരം നൽകി.