കുഞ്ഞുങ്ങൾക്ക് നേരെ അതിക്രമം കാട്ടുന്നവർക്കുള്ള ശക്തമായ താക്കീതാണ് കോടതി വിധി: മുഖ്യമന്ത്രി

ആലുവ കേസിൽ കുഞ്ഞുങ്ങൾക്ക് നേരെ അതിക്രമം കാട്ടുന്നവർക്കുള്ള ശക്തമായ താക്കീതാണ് കോടതി വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലുവയിൽ അഞ്ച് വയസ്സുകാരിയെ പിച്ചിച്ചീന്തി ജീവനെടുത്ത കുറ്റവാളിക്ക് നീതിപീഠം വധശിക്ഷ വിധിച്ചിരിക്കുകയാണ്. സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച അത്യന്തം ഹീനമായ ക്രൂരതയ്ക്കാണ് ആ കുഞ്ഞ് ഇരയായത്. കുറ്റവാളിയെ പിടികൂടുന്നതിനും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും ഏറ്റവും കാര്യക്ഷമമായാണ് ബന്ധപ്പെട്ട സംവിധാനങ്ങൾ പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പരാതി ലഭിച്ചപ്പോൾ തന്നെ പൊലീസ് അന്വേഷണം ആരംഭിക്കുകയും മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടുകയും ചെയ്തു. 35 ദിവസംകൊണ്ട് അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചു. 100 ദിവസംകൊണ്ട് റെക്കോർഡ് വേഗത്തിൽ വിചാരണയും പൂർത്തികരിച്ച് പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പിച്ചു. അന്വേഷണ സംഘവും പ്രോസിക്യൂഷനും ഏറ്റവും കൃത്യതയോടെയും ചടുലതയോടെയുമാണ് പ്രവർത്തിച്ചത്.
സമഗ്രവും പഴുതടച്ചതുമായ അന്വേഷണത്തിലൂടെയും വിചാരണയിലൂടെയും കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നൽകിയ അന്വേഷകസംഘത്തെയും പ്രോസിക്യൂഷനെയും അഭിനന്ദിക്കുന്നു. ആലുവയിലെ ക്രൂരതയ്ക്കിരയായ കുഞ്ഞിൻറെ കുടുംബത്തിന് എല്ലാതരത്തിലുള്ള സഹായങ്ങളും സംരക്ഷണവും സർക്കാർ ഉറപ്പു വരുത്തിയിരുന്നു. അവരുടെ നഷ്ടത്തിന് പകരമാവുന്നതല്ല ഒന്നും. എങ്കിലും കോടതി വിധിയിലൂടെ നീതി ഉറപ്പാക്കാൻ കഴിഞ്ഞു.
കുഞ്ഞുങ്ങൾക്ക് നേരെയുള്ള ഒരു അതിക്രമത്തെയും പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാകുന്നതല്ല. ഒരു ദാക്ഷിണ്യവുമില്ലാതെ ഇത്തരക്കാർക്ക് നേരെ നടപടി സ്വീകരിക്കും. ഇത്തരം മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങളിൽ ഇടപെടുന്നവർക്കുള്ള ശക്തമായ താക്കീത് കൂടിയാണ് ഈ കോടതി വിധി. ഇത്തരം കുറ്റവാളികളെ ഒറ്റപ്പെടുത്താൻ സമൂഹമൊന്നാകെ തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.