വനം കൊള്ളക്കാരുമായി ബന്ധമുണ്ടെന്ന് സിപി മാത്യു പറയാതെ പറയുന്നു: വനംമന്ത്രി

saseendran

അക്രമകാരികളായ കാട്ടാനകളെ വെടിവെക്കുമെന്ന ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യൂവിന്റെ പ്രസ്താവനക്കെതിരെ വനം മന്ത്രി. പ്രകോപനപരവും നിയമവാഴ്ച്ചയോടുള്ള വെല്ലുവിളിയുമാണ് സിപി മാത്യൂ നടത്തിയതെന്ന് എ കെ ശശീന്ദ്രൻ കുറ്റപ്പെടുത്തി. വനം കൊള്ളക്കാരുമായി ബന്ധമുണ്ടെന്ന് സി പി മാത്യൂ പറയാതെ പറയുകയാണ്. നിയമം കൈയ്യിലെടുക്കാൻ ആഹ്വാനം ചെയ്യുന്നത് പോലെയാണിതെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു. 

സർക്കാരിന് നിയമവിരുദ്ധമായി പ്രവർത്തിക്കാനാകില്ല. ഇത്തരം നിരുത്തരവാദപരമായ പരാമർശങ്ങൾ നടത്തി ക്രമസമാധന പ്രശ്നമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഡിസിസി പ്രസിഡന്റ്് പ്രസ്താവന നടത്തിയത് കാര്യങ്ങൾ മനസ്സിലാക്കാതെയല്ല. ഇടതുപക്ഷ സർക്കാറിനെതിരെ ജനവികാരം ഉയർത്താനാണ് ശ്രമമെന്നും മന്ത്രി കൂട്ടിചേർത്തു.

അക്രമകാരികളായ കാട്ടാനകളെ വെടിവെച്ചുകൊല്ലണമെന്നായിയിരുന്നു സി പി മാത്യൂവിന്റെ വിവാദ പരാമർശം. കാട്ടാന ആക്രമണം തുടർന്നാൽ തങ്ങൾ ഇത് ചെയ്യുമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞിരുന്നു. കാട്ടാനയുടെ തിരുനെറ്റിക്ക് വെടിവെക്കുന്നവർ തമിഴ്നാട്ടിലും കർണാടകയിലും ഉണ്ട്. അവരെ കൊണ്ടുവന്ന് നിയമവിരുദ്ധമാണെങ്കിലും കാട്ടാനയെ വെടിവെക്കണമെന്നാണ് സി പി മാത്യൂ അഭിപ്രായപ്പെട്ടത്.
 

Share this story