വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ സിപിഎം ഇടപെടുന്നു; ആർഷോയോടും ബാബുജാനോടും വിശദീകരണം തേടി

വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ ഇടപെട്ട് സിപിഎം. ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എച്ച് ബാബുജാനോടും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയോടും സിപിഎം വിശദീകരണം തേടി. ഇരുവരും എകെജി സെന്ററിലെത്തി പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കണ്ട് വിശദീകരണം നൽകി. വിവാദങ്ങളിൽ സിപിഎം നേതൃത്വം അതൃപ്തി അറിയിച്ചെന്നാണ് സൂചന.
വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിനിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തിരുവനന്തപുരത്ത് ചേരുകയാണ്. എസ്എഫ്‌ഐ നേതൃത്വം തുടർച്ചയായി വിവാദങ്ങളിൽ പെടുന്നതിൽ പാർട്ടി നേതൃത്വത്തിനു കടുത്ത അതൃപ്തി ഉണ്ട്. സംഘടനയിൽ അടിയന്തര തിരുത്തൽ വേണമെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണ്. പൊലീസ് കസ്റ്റഡിയിലെടുത്ത കെ.വിദ്യക്കും ഒളിവിലുള്ള നിഖിൽ തോമസിനും സിപിഎം സംരക്ഷണം കിട്ടി എന്ന ആരോപണവും ശക്തമാണ്. ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ എച്ച് ബാബുജാനാണ് നിഖിലിനെ സഹായിച്ചതെന്നും ആരോപണമുണ്ട്.