കത്ത് പുറത്തുവന്നതിൽ സിപിഎമ്മിന് പങ്കില്ല; കമ്മീഷനെ നിശ്ചയിക്കുന്നതടക്കം ചെയ്തത് കോൺഗ്രസ്

സോളാർ കേസിൽ പരാതിക്കാരി എഴുതിയ കത്ത് പുറത്തുവന്നതിൽ സിപിഎമ്മിന് പങ്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോൺഗ്രസിന്റെ അകത്തുള്ള പ്രശ്‌നങ്ങൾ പുറത്തുവരുമെന്നതിനാലാണ് അവർ അന്വേഷണം തന്നെ വേണ്ടെന്ന് വെച്ചതെന്നും അദ്ദേഹം പറഞ്ഞു. സോളാർ കേസിൽ യുഡിഎഫിന്റേത് അവസരവാദ നിലപാടാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു
ഉമ്മൻ ചാണ്ടിയുടെ സ്റ്റാഫ് ആയിരുന്ന ജോപ്പനെ അറസ്റ്റ് ചെയ്തത് അദ്ദേഹം അറിഞ്ഞിരുന്നു എന്നാണ് സതീശൻ പറഞ്ഞത്. എന്നാൽ ഇത് ഉമ്മൻ ചാണ്ടി അറിഞ്ഞില്ലെന്നും അറസ്റ്റ് അത്ഭുതപ്പെടുത്തിയെന്നുമാണ് കെസി ജോസഫ് പറഞ്ഞത്. ഇത്തരത്തിൽ വൈരുധ്യമുള്ള പ്രസ്താവനകളാണ് കോൺഗ്രസിൽ നിന്നും വരുന്നത്.
ഇതിൽ സിപിഎം കക്ഷിയല്ല. ഉമ്മൻ ചാണ്ടിയുടെ മുഴുവൻ കാര്യവും, യഥാർഥത്തിൽ അതിന്റെ ആദ്യത്തെ കമ്മീഷനെ നിശ്ചയിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ മുഴുവൻ ചെയ്തിട്ടുള്ളത് കോൺഗ്രസും കോൺഗ്രസിന്റെ ഭാഗമായുള്ള സർക്കാരുമാണ്. അതിൽ ഞങ്ങൾ കക്ഷിയാകേണ്ട കാര്യമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.