യുഡിഎഫിന് നിർണായകം; തൃപ്പുണിത്തുറ തെരഞ്ഞെടുപ്പ് കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

തൃപ്പുണിത്തുറ തെരഞ്ഞെടുപ്പ് കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മത ചിഹ്നങ്ങളുപയോഗിച്ച് വോട്ട് പിടിച്ചെന്ന് ചൂണ്ടിക്കാട്ടി കെ ബാബുവിനെതിരെ എതിർ സ്ഥാനാർഥിയായിരുന്ന എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കെ ബാബു നൽകിയ അപ്പീലാണ് സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നത്.
ഹർജിക്കാരനായ കെ ബാബു കേസ് അനന്തമായി നീട്ടുകയാണെന്ന് എം സ്വരാജ് നേരത്തെ സുപ്രീം കോടതിയിൽ പറഞ്ഞിരുന്നു. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് തെരഞ്ഞെടുപ്പ് കേസ് ആറ് മാസത്തിനകം തീർപ്പാക്കണമെന്ന് എം സ്വരാജ് അഭ്യർഥിച്ചിട്ടുണ്ട്. ഈ വർഷം മാർച്ചിലാണ് സ്വരാജിന്റെ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി ഉത്തരവിറക്കിയത്
ശബരിമല വിഷയത്തിൽ അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് വോട്ടേഴ്‌സ് സ്ലിപ്പ് വിതരണം ചെയ്‌തെന്ന ആരോപണങ്ങളടക്കം ഉയർത്തിയാണ് സ്വരാജിന്റെ ഹർജി. എന്നാൽ ഹൈക്കോടതി ഉത്തരവ് തിരിച്ചടിയല്ലെന്നും കൃത്രിമമായി ഉണ്ടാക്കിയ രേഖയാണ് സ്വരാജ് കോടതിയിൽ സമർപ്പിച്ചതെന്നുമാണ് കെ ബാബുവിന്റെ വാദം.