സൈബർ ആക്രമണം: മുഖമില്ലാത്തവർക്കെതിരെ നിയമ നടപടിക്കില്ലെന്ന് അച്ചു ഉമ്മൻ

achu

ആഡംബര ജീവിതമെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന സൈബറാക്രമണങ്ങൾക്ക് മറുപടിയുമായി അച്ചു ഉമ്മൻ. സ്‌നേഹവും ആദരവുമാണ് ഉമ്മൻ ചാണ്ടി എന്ന വ്യക്തിക്ക് ലഭിച്ചത്. ഇതിൽ വളരെയധികം അസ്വസ്ഥരായ അല്ലെങ്കിൽ വെറിപൂണ്ട ഒരുപാട് വ്യക്തികൾ കെട്ടിച്ചമച്ചുണ്ടാക്കിയ കള്ളക്കഥകളാണ് പ്രചരിക്കുന്നതെന്നും അച്ചു ഉമ്മൻ പറഞ്ഞു

എന്റെ പ്രൊഫഷൻ മുഖേനയാണ് ആക്രമിച്ചിരിക്കുന്നത്. വളരെ അധികം പരിശ്രമിച്ച് ഒളിക്യാമറ വെച്ച് കണ്ടുപിടിച്ച ദൃശ്യങ്ങൾ അല്ലല്ലോ. ഒരു വർഷവും ഒമ്പത് മാസവും മുൻപ് തുടങ്ങിയ തൊഴിലിന്റെ ഭാഗമായി എന്റെ പേജിൽ ഞാൻ തന്നെ അഡ്വെർട്ടെയ്‌സ് ചെയ്ത ചിത്രങ്ങളെടുത്തുകൊണ്ടാണ് ഈ വ്യക്തിഹത്യ നടത്തുന്നത്. പറയുന്നത് പച്ചക്കള്ളമാണ്. ഇതിനെ ശക്തമായി അപലപിക്കുന്നു. ഒളിവിലും മറവിലും നിൽക്കുന്നവർക്കെതിരെ എങ്ങിനെ നിയമനടപടിയെടുക്കാൻ സാധിക്കും.

ഉമ്മൻ ചാണ്ടിയെന്ന രാഷ്ട്രീയക്കാരൻ ഒരു തരത്തിലും വ്യക്തിപരമായി ആക്ഷേപം നടത്തിയിട്ടില്ല. ഇതുവരെ ഒരാളോട് മോശമായി സംസാരിക്കുന്നതോ വ്യക്തിപരമായി ആക്രമിക്കുന്നതോ കണ്ടിട്ടുണ്ടോയെന്നും അച്ചു ഉമ്മൻ ചോദിച്ചു. സൗഹൃദത്തിന്റേയും സമാധാനത്തിന്റേയും സ്നേഹത്തിന്റേയും രാഷ്ട്രീയമാണ് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയമെന്നും അച്ചു ഉമ്മൻ പറഞ്ഞു. കഴിയുമെങ്കിൽ അദ്ദേഹത്തെ പോലെ ആകാൻ ശ്രമിക്കൂ. അപ്പോൾ നിങ്ങൾക്കും കിട്ടും ഈ ആദരവും സ്നേഹവുമൊക്കെ. അദ്ദേഹത്തിന്റെ ജീവിതം ഒരു തുറന്ന പാഠപുസ്തകമായി നമ്മുടെ മുന്നിൽ നിൽക്കുകയാണ്. ഇനി വരാനിരിക്കുന്ന തലമുറയിലെ രാഷ്ട്രീയ പ്രവർത്തകർ അത് മാതൃകയാക്കണമെന്നും അച്ചു ഉമ്മൻ പറഞ്ഞു
 

Share this story