ദർശനയുടെയും കുഞ്ഞിന്റെയും മരണം: ഭർതൃവീട്ടുകാർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം

വയനാട് വെണ്ണിയോട് അഞ്ച് വയസ്സുകാരി മകളെയും കൊണ്ട് ദർശന എന്ന യുവതി പുഴയിൽ ചാടി മരിച്ച സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ യുവതിയുടെ കുടുംബം. ദർശനയുടെയും മകൾ ദക്ഷയുടെയും മരണത്തിന് കാരണം ഭർത്താവായ അനന്തഗിരി ഓംപ്രകാശിന്റെയും ഭർതൃവീട്ടുകാരുടെയും കൊടിയ പീഡനത്തെ തുടർന്നാണെന്നാണ് പരാതി. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പോലീസിലും മനുഷ്യാവകാശ കമ്മീഷനിലും ജില്ലാ കലക്ടർക്കും പരാതി നൽകി.
ജൂലൈ 13നാണ് അഞ്ച് മാസം ഗർഭിണിയായിരുന്ന ദർശന വിഷം കഴിച്ച ശേഷം മകളുമൊത്ത് പുഴയിൽ ചാടിയത്. ഓംപ്രകാശിന്റെ വീട്ടിൽ ദർശന ക്രൂര പീഡനങ്ങൾക്ക് വിധേയമായിരുന്നതായി അമ്മ വിശാലാക്ഷി ആരോപിച്ചു. 2016ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. മാസങ്ങൾ കഴിയും മുമ്പേ പ്രശ്‌നങ്ങൾ ആരംഭിച്ചിരുന്നു. ആഭരണങ്ങലെ ചൊല്ലിയും പൂക്കോട് വെറ്ററിനറി കോളജിൽ ജോലി ചെയ്ത് ലഭിച്ച തുകയെ ചൊല്ലിയും പ്രശ്‌നങ്ങളുണ്ടായി
ദർശനയോട് ഭർതൃപിതാവ് അസഭ്യം പറയുന്നതിന്റെയും പോയി ചാകാൻ പറയുന്നതിന്റെയും ശബ്ദരേഖയും കുടുംബം പുറത്തുവിട്ടിട്ടുണ്ട്. ഭർതൃവീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ദർശന രണ്ട് തവണ ഗർഭം അലസിപ്പിച്ചിരുന്നു. മൂന്നാം തവണയും ഗർഭം അലസിപ്പിക്കാൻ ആവശ്യപ്പെട്ടത് മകളെ മാനസികമായി തളർത്തിയിരുന്നതായും കുടുംബം പറയുന്നു.