രാഹുലിന്റെ എംപി പദവി പുനഃസ്ഥാപനം വൈകിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി: വേണുഗോപാൽ

മോദി പരാമർശത്തിലെ ശിക്ഷാ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പാർലമെന്റ് അംഗത്വം തിരിച്ചുകിട്ടിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. നിലവിൽ രാഹുൽ ഗാന്ധി എംപിയാണെന്നും അതുമായി ബന്ധപ്പെട്ട സാങ്കേതികതടസ്സങ്ങൾ മാത്രമാണ് ഇനി നീങ്ങാനുള്ളതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
ശിക്ഷാ വിധി സ്റ്റേ ചെയ്ത വിധി സ്പീക്കറെ അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച പാർലമെന്റ് സമ്മേളനം ആരംഭിക്കുമ്പോൾ രാഹുൽ ഉണ്ടാവുമോയെന്ന് അറിയില്ല. അക്കാര്യത്തിൽ സ്പീക്കറുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു. രാഹുൽ എംപി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത് വൈകിപ്പിക്കുന്നത് വയനാട്ടിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
രാഹുൽ ഗാന്ധിയെ നിരന്തരം പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ബുദ്ധിയുള്ള ജനങ്ങൾക്ക് ഇതിന്റെ പിന്നാലെ കാര്യങ്ങളെല്ലാം മനസ്സിലാവുമെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധി പാർലമെന്റിൽ പ്രസംഗിക്കുന്നതിൽ മോദിക്ക് ഭയമുണ്ടോ, എങ്കിൽ അത് പറയട്ടെ. എല്ലാത്തിനേയും അതിജീവിക്കുന്ന നേതാവ് എന്നല്ലേ മോദി സ്വയം പറയുന്നത്. പിന്നെ എന്തിനാണ് ഭയപ്പെടുന്നതെന്നും കെ സി വേണുഗോപാൽ ചോദിച്ചു.