മാവടിയിലെ ഗൃഹനാഥനെ ബോധപൂർവം വെടിവെച്ചു കൊന്നത്; കാരണം മുൻ വൈരാഗ്യം

sunny

ഇടുക്കി മാവടിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന ഗൃഹനാഥൻ വെടിയേറ്റ് മരിച്ച കേസിൽ വൻ വഴിത്തിരിവ്. നെടുങ്കണ്ടം മാവടി സ്വദേശി പ്ലാക്കൽ സണ്ണിയെ പ്രതികൾ മനപ്പൂർവം വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നാണ് ഇപ്പോൾ തെളിയുന്നത്. തകിടിയൽ സജി(50), മുകുളേൽപറമ്പിൽ ബിനു(40), മുനിയറ സ്വദേശി വിനീഷ്(38) എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരം അറിഞ്ഞത്

ബിനുവിനെ മുമ്പ് ചാരായ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ചാരായ വാറ്റ് സംബന്ധിച്ച് എക്‌സൈസിന് വിവരം നൽകിയത് കൊല്ലപ്പെട്ട സണ്ണിയാണെന്നാണ് പ്രതികൾ കരുതിയിരുന്നത്. സജിയുടെ നിർദേശപ്രകാരമാണ് ബിനു ചാരായം വാറ്റിയത്. ഇതാണ് വൈരാഗ്യത്തിന് കാരണം. സജിയാണ് വെടിവെച്ചത്. 

ബുധനാഴ്ച രാത്രി 11.30ഓടെയാണ് സണ്ണി കൊല്ലപ്പെടുന്നത്. വന്യമൃഗ വേട്ടക്കിറങ്ങിയ സംഘങ്ങളുടെ വെടി അബദ്ധത്തിൽ ഉറങ്ങിക്കിടന്ന സണ്ണിക്ക് തലയിൽ പതിച്ചെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ബോധപൂർവമുള്ള കൊലപാതകമെന്ന് തെളിയുന്നത്.
 

Share this story