മക്കളുടെ പേരിലുള്ളത് പാർട്ടി അക്കൗണ്ടിലേക്ക് കൊണ്ടുവരേണ്ട, പാർട്ടി തുറന്നുവെച്ച പുസ്തകം: എംവി ഗോവിന്ദൻ

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി മറുപടി പറയേണ്ട കാര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വസ്തുതാപരമായി കാര്യങ്ങൾ വ്യക്തമായിട്ടുണ്ട്. വ്യക്തമാക്കപ്പെട്ട ഒരു കാര്യം വെറുതെ ആരോപിച്ച് വരികയാണ്. ഇതൊന്നും ഗൗരവമുള്ള പ്രശ്‌നമല്ല. പണ്ട് പായയിൽ പണം പൊതിഞ്ഞു കൊണ്ടുപോയി എന്ന് പറഞ്ഞില്ലേ. ചെമ്പിൽ സ്വർണം കടത്തിയെന്നും പറഞ്ഞില്ലേ. അതുപോലെ തന്നെയാണിത്
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മാസപ്പടി വിവാദം ഉയർത്തിയാൽ മറുപടി അപ്പോൾ പറയാം. താങ്കൾ മുഖ്യമന്ത്രി ആയിരുന്നുവെങ്കിൽ മകൾക്കെതിരെ ആരോപണം ഉയർന്നാൽ അതിലൊരു വ്യക്തത വരുത്തില്ലേ എന്ന ചോദ്യത്തിന് ഞാൻ മുഖ്യമന്ത്രി ആകുന്ന പ്രശ്‌നമില്ല, അതേക്കുറിച്ച് ആലോചിച്ച് വല്ലാതെ വിഷമിക്കേണ്ട എന്നായിരുന്നു എംവി ഗോവിന്ദന്റെ മറുപടി.
മക്കളുടെ പേരിലുള്ളതൊന്നും പാർട്ടി അക്കൗണ്ടിലേക്ക് കൊണ്ടുവരേണ്ട കാര്യമില്ല. തുറന്നു വെച്ച പുസ്തകം പോലെയാണ് ഞങ്ങൾ. ജനങ്ങൾക്ക് സംശയമൊന്നുമില്ല. നിങ്ങളുടെ സംശയം പറഞ്ഞാൽ മതി. ജനങ്ങളുടെ പേരും പറഞ്ഞു കൊണ്ട് നിങ്ങൾ കുറേ ചോദിക്കേണ്ട എന്നും എംവി ഗോവിന്ദൻ പറഞ്ഞു.