തന്നെ സദാചാരം പഠിപ്പിക്കാൻ വരണ്ട; പ്രകോപിപ്പിക്കാൻ നിൽക്കരുത്: അലൻസിയർ

സംസ്ഥാന ചലചിത്ര അവാർഡ് വിതരണ സമ്മേളനത്തിൽ നടത്തിയ വിവാദ പരാമർശങ്ങളിൽ ഉറച്ച് അലൻസിയർ ലോപ്പസ്. തന്നെ സദാചാരം പഠിപ്പിക്കാൻ വരേണ്ടെന്ന് അലൻസിയർ പറഞ്ഞു. മലയാള സിനിമയിലെ ഏക പീഡകൻ, പീഡിപ്പിച്ച് കൊണ്ട് നടക്കുന്നവൻ എന്ന് എന്നെ വിശേഷിപ്പിക്കേണ്ട. ആ വിശേഷണത്തിന് യോഗ്യതയുള്ളവർ പലരുമുണ്ട്. അത്രയും എന്നെ പ്രകോപിപ്പിക്കരുതെന്നും അലൻസിയർ മുന്നറിയിപ്പ് നൽകി
വേദിയിൽ നിന്ന് മുഖ്യമന്ത്രി നേരത്തെ പോയതിലുള്ള പ്രതിഷേധമാണോയെന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു അലൻസിയറുടെ മറുപടി. സിനിമ നടനായതു കൊണ്ട് പേരുദോഷം മാത്രമേയുള്ളു. ഇല്ലാത്ത ആരോപണങ്ങളിൽ കുടുക്കാൻ ശ്രമിച്ചാൽ കുടുങ്ങില്ലെന്നും അലൻസിയർ പറഞ്ഞു.
പെൺ പ്രതിമ നൽകി പ്രലോഭിപ്പിക്കരുതെന്നും ആൺകരുത്തുള്ള മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിൽ ആൺ കരുത്തുള്ള പ്രതിമ നൽകണമെന്നായിരുന്നു അലൻസിയറുടെ പരാമർശം. ആൺകരുത്തുള്ള പ്രതിമ കിട്ടുമ്പോൾ അഭിനയം നിർത്തുമെന്നും അലൻസിയർ പറഞ്ഞിരുന്നു.