കെഎസ്ആർടിസി ജീവനക്കാരും മനുഷ്യരാണെന്ന് മറക്കരുത്; ആനുകൂല്യം നൽകാൻ കൂടുതൽ‌ സമയം അനുവദിക്കില്ല: ഹൈക്കോടതി

KSRTC

കൊച്ചി: വിരമിച്ച കെഎസ്ആർടിസി ജീവനക്കാരും മനുഷ്യരാണെന്ന് മറക്കരുതെന്ന് ഹൈക്കോടതി. വിരമിച്ചവർക്കുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ 2 വർഷ സമയം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യങ്ങൾ 4 മാസത്തിനുള്ളിൽ നൽകണമെന്ന സിംഗിൾ ബഞ്ചിന്‍റെ ഉത്തരവ് പുനർപരിശോധിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസിയുടെ ഹർജി പരിഗണിക്കുകയായിരുന്നു ഹൈകോടതി. 

കുറച്ചെങ്കിലും ആനുകൂല്യങ്ങൾ നൽകിയതിനുശേഷം സാവകാശം ആവശ്യപ്പെടൂ, വേണമെങ്കിൽ 6 മാസത്തെ സാവകാശം നൽകാമെന്നും കോടതി പറഞ്ഞു. കൂടാതെ ആനുകൂല്യ വിതരണത്തിനുള്ള സീനിയോറിറ്റി പ്രകാരമുള്ള റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

സീനിയോറിറ്റിയും അടിയന്തര സാഹചര്യവും കണക്കിലെടുത്ത് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാനുള്ള പദ്ധതി തയാറാക്കി കെഎസ്ആര്‍ടിസി ഹൈക്കോടതിയുടെ അനുമതിക്കായി സമര്‍പ്പിച്ചിരുന്നു. സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ 38 പേര്‍ക്കും അടിയന്തര സാഹചര്യമുള്ള 7 പേര്‍ക്കും ഉള്‍പ്പെടെ ഒരു മാസം 45 പേര്‍ക്കുമാണ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കേണ്ടത്. കക്ഷികളുടെ നിലപാട് കൂടി ചോദിച്ച ശേഷമാകും ഇക്കാര്യത്തില്‍ കോടതിയുടെ തീരുമാനം.

Share this story