പിടി പിരീഡിൽ ഇനി കണക്ക് പഠിപ്പിക്കണ്ട

തിരുവനന്തപുരം: ഭൂരിപക്ഷം വിദ്യാർഥികളും ആഴ്ചയിൽ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ഫിസിക്കൽ എജ്യുക്കേഷൻ പിരീഡ് തന്നെയായിരിക്കും. എന്നാൽ, മറ്റു വിഷയങ്ങളിൽ പാഠഭാഗങ്ങൾ തീർക്കാനുള്ള അധ്യാപകർ ഈ പിരീഡ് കടം വാങ്ങിയെത്തുന്നതോടെ പ്രതീക്ഷ നിരാശയ്ക്കു വഴിമാറും.
എന്നാൽ, ഇതിനി പാടില്ലെന്നാണ് സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്റ്ററുടെ ഉത്തരവ്. സംസ്ഥാനത്തെ സ്കൂളുകളിൽ കലാ, കായിക, വിനോദങ്ങൾക്കുള്ള പീരിഡുകളിൽ മറ്റു വിഷയങ്ങൾ പഠിപ്പിക്കരുതെന്നാണ് ഉത്തരവിൽ പറയുന്നത്. ബാലാവകാശ കമ്മിഷന്റെ നിർദേശപ്രകാരമാണു പ്രത്യേക സർക്കുലർ പുറത്തിറക്കിയത്.
ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ കായിക-കലാ വിനോദങ്ങള്‍ക്കുള്ള പീരിഡുകളില്‍ മറ്റു വിഷയങ്ങള്‍ പഠിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കുട്ടികളുടെ ഭാഗത്തുനിന്നും പരാതി ലഭിച്ചിട്ടുണ്ടെന്നും ബാലാവകാശ കമ്മിഷന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണു കലാ, കായിക, വിനോദങ്ങള്‍ക്കുള്ള പീരിഡുകളില്‍ മറ്റു വിഷയങ്ങള്‍ പഠിപ്പിക്കാന്‍ പാടില്ലെന്നു പൊതു വിദ്യാഭ്യാസ ഡയറക്റ്റർ നിര്‍ദേശം നല്‍കിയത്.