വയോധികയോട് മോശമായി പെരുമാറി; ധർമടം എസ് എച്ച് ഒക്ക് സസ്‌പെൻഷൻ

suspension

ധർമടത്ത് മകനെ ജാമ്യത്തിലിറക്കാൻ പോലീസ് സ്‌റ്റേഷനിലെത്തിയ വയോധികയോട് അപമര്യാദയായി പെരുമാറിയ എസ് എച്ച് ഒയ്ക്ക് സസ്‌പെൻഷൻ. ധർമടം സിഐ കെ സ്മിതേഷിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. ഇയാൾ മദ്യലഹരിയിൽ ആയിരുന്നെന്നും കസ്റ്റഡിയിലെടുത്ത സുനിൽ കുമാറിനെ സ്മിതേഷ് മർദിച്ചിരുന്നെന്നും സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ പറഞ്ഞു

ഇതുസംബന്ധിച്ച പരാതി ലഭിച്ചതിന് പിന്നാലെ കമ്മീഷണർ സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ട് തേടുകയായിരുന്നു. പിന്നീട് ഉത്തരമേഖല ഐജിയുടെ നിർദേശപ്രകാരം കമ്മീഷണർ നടപടി സ്വീകരിക്കുകയായിരുന്നു. സിഐ സ്മിതേഷ് മഫ്തിയിലാണ് എത്തിയത്. വലിയ തോതിൽ അക്രമം കാണിച്ചതായും സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. 

എസ് എച്ച് ഒയുടെ പരാക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വയോധികയെ ആക്രമിക്കാൻ സിഐ ശ്രമിക്കുമ്പോൾ വനിതാ പോലീസ് അടക്കം തടയാൻ ശ്രമിക്കുന്നതും കാണാം. സുനിൽകുമാറിന്റെ അമ്മയെ ഇയാൾ തള്ളിയിട്ടതായും ആരോപണമുണ്ട്. നിലത്ത് കിടക്കുന്ന അമ്മയോട് എഴുന്നേറ്റ് പോകാനും സിഐ ആക്രോശിക്കുന്നുണ്ട്.
 

Share this story