കെ എസ് ഇ ബി സെക്ഷൻ ഓഫീസിൽ അക്രമം നടത്തിയവരുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു

KSEB

തിരുവമ്പാടി കെ എസ് ഇ ബി സെക്ഷൻ ഓഫീസിൽ അതിക്രമിച്ചുകയറി ജീവനക്കാരെ മർദ്ദിക്കുകയും ഓഫീസ് തച്ചുതകർക്കുകയും ചെയ്‌ത വ്യക്തികളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു. അസിസ്റ്റൻ്റ് എഞ്ചിനീയറുൾപ്പെടെയുള്ള ജീവനക്കാരെ മർദ്ദിക്കുകയും ഓഫീസ് തച്ചുതകർക്കുകയും ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കുകയും ചെയ്ത സംഭവത്തിലാണ് കെ എസ് ഇ ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ ഐ എ എസ് എന്നിവർ ഇടപെട്ട് നടപടി എടുത്തത്.

ബിൽ അടയ്ക്കാത്തതിനെത്തുടർന്ന് തിരുവമ്പാടി ഉള്ളാറ്റിൽ ഹൗസിലെ റസാക് എന്നയാളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതിൻ്റെ പ്രതികാരമായി മകൻ അജ്മൽ എന്നയാളും കൂട്ടാളിയും ചേർന്ന് വെള്ളിയാഴ്ച കെ എസ് ഇ ബി ലൈൻമാൻ പ്രശാന്ത് പി. സഹായി അനന്തു എം. കെ. എന്നിവരെ കയ്യേറ്റം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച് സെക്ഷൻ അസിസ്റ്റൻ്റ് എഞ്ചിനീയർ പ്രശാന്ത് പി എസ് തിരുവമ്പാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അതിലുള്ള പ്രതികാരമായാണ് അജ്മൽ കൂട്ടാളി ഷഹദാദുമൊത്ത് ശനിയാഴ്ച രാവിലെ സെക്ഷൻ ഓഫീസിലെത്തി അതിക്രമം കാട്ടിയത്.

Share this story