ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ എക്‌സൈസ് പരിശോധന; ലഹരിവസ്തുക്കൾ പിടിച്ചെടുത്തു
Jul 31, 2023, 11:27 IST

ആലുവയിൽ അഞ്ച് വയസ്സുകാരി കൊല്ലപ്പെട്ടതിന് പിന്നാലെ പെരുമ്പാവൂരിലും ആലുവയിലും ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ എക്‌സൈസ് റെയ്ഡ്. കുട്ടിയുടെ വീടിന്റെ പരിസരത്തും എക്‌സൈസ് സംഘം പരിശോധന നടത്തി. തൊഴിലാളി ക്യാമ്പുകളിലെ ലഹരി ഉപയോഗം കണ്ടെത്താനാണ് പരിശോധന
പോലീസും സമാന്തര അന്വേഷണം നടത്തുന്നുണ്ട്. ആലുവ കേസിലെ പ്രതി അസഫാക് ആലം താമസിച്ച മുറിയടക്കം പരിശോധിച്ചു. പരിശോധനയിൽ ലഹരി വസ്തുക്കളും നിരോധിത പുകയില ഉത്പന്നങ്ങളും കണ്ടെടുത്തതായി എക്‌സൈസ് അധികൃതർ അറിയിച്ചു.
നഗരത്തിലെ ലോഡ്ജുകൾ, ബസ് സ്റ്റാൻഡുകൾ, ബിവറേജസ് ഔട്ട്‌ലെറ്റുകൾ, അല്ലപ്ര, കുറ്റിപ്പാടം, മാവിൻചുവട് എന്നിവിടങ്ങളിലും പോലീസും കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടം ചേരുന്നത് പോലീസ് വിലക്കിയിട്ടുണ്ട്.