വ്യാജ തിരിച്ചറിയൽ കാർഡ്: കോൺഗ്രസിനെതിരെ അടിയന്തര അന്വേഷണം വേണമെന്ന് കെ സുരേന്ദ്രൻ

K Surendran

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ കോൺഗ്രസിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. വ്യാജ തെരഞ്ഞെടുപ്പ് കാർഡുകൾ നിർമിച്ചത് രാജ്യദ്രോഹ കുറ്റമാണ്. ഒന്നേകാൽ ലക്ഷത്തോളം കാർഡുകളാണ് കോൺഗ്രസ് പ്രവർത്തകർ നിർമിച്ചെടുത്തതെന്നും ഇതിന് പിന്നിൽ ഉന്നത നേതാക്കളുടെ ഇടപെടലുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.

ഗുരുതരമായ ക്രിമിനൽ കുറ്റമാണിത്. പാലക്കാട്ടെ കോൺഗ്രസ് എംഎൽഎയാണ് വ്യാജ തിരിച്ചറിയൽ കാർഡിന് പിന്നിൽ. കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് ഇക്കാര്യം തെളിവ് സഹിതം പുറത്തു കൊണ്ടുവന്നത്. രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണിത്. ബാംഗ്ലൂരിലെ പിആർ ഏജൻസിയുടെ സഹായത്തോടെയാണ് കാർഡ് നിർമിച്ചതെന്നും സുരേന്ദ്രൻ ആരോപിച്ചു. 

പരാതി ലഭിച്ചിട്ടും കോൺഗ്രസ് ഇടപെടാത്തത് ഗൗരവത്തോടെ കാണണം. കെസി വേണുഗോപാലും വി ഡി സതീശനും ഈ വിഷയങ്ങൾ അറിഞ്ഞിരുന്നുവെന്നത് പ്രശ്‌നത്തിന്റെ ഗൗരവം വർധിപ്പിക്കുകയാണ്. പാലക്കാട്ടെ വിജയത്തിന് കോൺഗ്രസ് ഇത്തരം തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചിട്ടുണ്ടോയെന്ന് സംശയിക്കുന്നു. സമഗ്രമായ അന്വേഷണം അടിയന്തരമായി നടത്തണം. ഡിജിപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയെന്നും സുരേന്ദ്രൻ പറഞ്ഞു
 

Share this story