പിണറായി സർക്കാരിന്റെ തെറ്റായ നയത്തിന്റെ രക്തസാക്ഷിയാണ് ആത്മഹത്യ ചെയ്ത കർഷകൻ: ചെന്നിത്തല

chennithala

ആലപ്പുഴ തകഴിയിൽ കർഷകൻ ആത്മഹത്യ ചെയ്തതിൽ പ്രതികരിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണിൽ ചോരയില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. അതുകൊണ്ടാണ് കർഷകന് ആത്മഹത്യ ചെയ്യേണ്ടി വന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കർഷകരെ രക്ഷിക്കാനുള്ള ഒരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ല. സംഭരിച്ച നെല്ലിന്റെ വില കിട്ടാത്ത അവസ്ഥ. പിആർഎസ് ലോൺ അനുവദിച്ചാൽ മറ്റൊരു ലോണും കിട്ടാത്ത അവസ്ഥയാണ്.

പിണറായി സർക്കാരിന്റെ തെറ്റായ നയത്തിന്റെ രക്തസാക്ഷിയാണ് മരിച്ച കർഷകനെന്ന് ചെന്നിത്തല ആരോപിച്ചു. ഇനിയും കർഷക ആത്മഹത്യകൾ ഉണ്ടാകാതിരിക്കാനുള്ള നടപടിയാണ് സർക്കാർ സ്വീകരിക്കേണ്ടത്. ഭക്ഷ്യമന്ത്രി ജി ആർ അനിലിന്റെ വാദങ്ങൾ ഒട്ടും ശരിയല്ല. അദ്ദേഹം വസ്തുതകൾ വളച്ചൊടിക്കാൻ ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല വിമർശിച്ചു. 

നെല്ല് കൊടുത്താൽ പോലും പണം കിട്ടുന്നില്ല. കിട്ടിയ പണം എന്നുപറയുന്നത് ലോണാണ്. കർഷകന്റെ പേരിലാണ് സർക്കാർ ലോണെടുക്കുന്നത്. ആ പിആർഎസ് വായ്പകൾ സർക്കാർ കൃതൃമായി അടയ്ക്കാത്തതുകൊണ്ട് കർഷകരുടെ പേരിൽ നോട്ടീസ് വരുന്നു. മറ്റു ലോണുകൾ കർഷകർക്ക് കിട്ടാതെ വരുന്നു. അങ്ങനെ സംഭവിക്കുമ്പോൾ കാർഷിക പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ നിവൃത്തിയില്ലാത്ത സാഹചര്യം ഉണ്ടാകുന്നുവെന്നും ചെന്നിത്തല വിമർശിച്ചു.

Share this story