സർക്കാർ ഉടമസ്ഥതയിലെ ആദ്യ ബ്രോഡ് ബാൻഡ് കണക്ഷൻ; കെ ഫോൺ ഉദ്ഘാടനം ഇന്ന്

K Phone

രാജ്യത്തെ സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യ ബ്രോഡ് ബാൻഡ് കണക്ഷനായ കെ ഫോൺ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. കെഎസ്ഇബിയും കേരളാ സ്റ്റേറ്റ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും ചേർന്ന് നടപ്പാക്കുന്ന പദ്ധതി വഴി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സർക്കാർ ഓഫീസുകൾക്കും സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കുമെന്നാണ് പ്രഖ്യാപനം

സർക്കാർ സ്ഥാപനങ്ങളിൽ കണക്ഷൻ നൽകുന്നതിൽ നിന്ന് സർവീസ് ചാർജ് ഈടാക്കുക, ട്രഷറിയുൾപ്പെടെയുള്ള കേന്ദ്രീകൃത സ്ഥാപനങ്ങൾക്കായി പ്രത്യേകം ഇന്റർനെറ്റ് നെറ്റ് വർക്ക് നൽകുക, വീടുകളിലേക്ക് വ്യാവസായിക അടിസ്ഥാനത്തിൽ ഇന്റർനെറ്റ് കണക്ഷൻ നൽകുക, കോർപറേറ്റുകൾക്കായി പ്രത്യേകം കണക്ഷനുകൾ ലഭ്യമാക്കുക തുടങ്ങിയ വിപുലമായ വരുമാന പദ്ധതികളാണ് കെ ഫോൺ മുന്നോട്ടുവെക്കുന്നത്

പൊതുജനങ്ങൾക്ക് ഉപയോഗിക്കാനായി 2000 ഫ്രീ വൈ ഫൈ സ്‌പോട്ടുകളും സർക്കാർ ഓഫീസുകളിൽ സേവനങ്ങൾക്കായി എത്തുന്നവർക്ക് സൗജന്യമായും മിതമായ നിരക്കിലും ഉപയോഗിക്കാവുന്ന വൈഫൈ നെറ്റ് വർക്കും ഒരുക്കും. 14000 ബിപിഎൽ കുടുംബങ്ങൾക്കും 30000 സർക്കാർ ഓഫീസുകൾക്കും സൗജന്യ കണക്ഷൻ എന്ന ആദ്യഘട്ട പ്രഖ്യാപനം ജൂൺ അവസാനത്തോടെ പൂർത്തിയാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
 

Share this story