ഉമ്മൻ ചാണ്ടിയില്ലാത്ത ആദ്യ ഓണം; അപ്പയുടെ വിയോഗത്തിലുള്ള വേദനയിലാണ് ഓണനാളുകളെന്ന് ചാണ്ടി ഉമ്മൻ

പുതുപ്പള്ളി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണശേഷമുള്ള ആദ്യ ഓണത്തിൽ ഓർമകൾ പങ്കുവെച്ച് മകനും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർത്ഥിയുമായ ചാണ്ടി ഉമ്മൻ. എല്ലാവരെയും സ്നേഹിക്കാൻ മാത്രം പഠിപ്പിച്ച അപ്പയുടെ വിയോഗത്തിലുള്ള വേദനയിലാണ് ഈ ഓണനാളുകൾ കടന്നുപോകുന്നതെന്ന് ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ കുറിച്ചു.
കുട്ടിക്കാലം മുതൽ കൂട്ടുകാർക്കൊപ്പമുള്ള ഓണാഘോഷം ജീവിതത്തിന്റെ ഭാഗമായിരുന്നു. മഹാബലിയുടെ ഓർമ്മകൾ സ്നേഹത്തിന്റെയും ചേർത്തുനിർത്തലിന്റെയും സന്ദേശമാണ് നമുക്ക് നൽകുന്നത്. ഓണം ആഘോഷിക്കുന്ന എല്ലാ മലയാളികളുടെയും ഹൃദയത്തിൽ സ്നേഹവും സമാധാനവും ഐശ്വര്യവും നിറയട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
അതേസമയം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൻ്റെ അന്തിമ ഘട്ട പ്രചാരണത്തിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ എ കെ ആന്റണിയും ശശി തരൂരും എത്തും. ഇരുവരും പൊതുയോഗങ്ങളിൽ പങ്കെടുക്കും. സെപ്റ്റംബർ ഒന്നിന് വൈകീട്ട് നാലിന് പുതുപ്പള്ളിയിലും വൈകീട്ട് ആറിന് അയര്‍ക്കുന്നത്തുമാണ് എ കെ ആന്‍റണിയുടെ പരിപാടി. സെപ്റ്റംബർ രണ്ടിന് ശശിതരൂർ എംപി പാമ്പാടിയിൽ സംസാരിക്കും. തരൂരിന്റെ റോഡ് ഷോ ഉണ്ടായിരിക്കും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ സെപ്റ്റംബർ രണ്ടിന് മീനടം മാളികപ്പടിയില്‍ സംസാരിക്കും.
എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും പ്രചാരണത്തിൽ പങ്കുചേരും. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ സെപ്റ്റംബർ ഒന്നിന് കൂരോപ്പടയിലും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സെപ്റ്റംബർ രണ്ടിന് വാകത്താനത്തും പൊതുയോഗത്തിൽ പങ്കെടുക്കും. അതേദിവസം തന്നെ അകലക്കുന്നത്ത് രമേശ് ചെന്നിത്തല എത്തും. ഇടതുമുന്നണിയുടെ പ്രചാരണത്തിനായി നാളെയും സെപ്റ്റംബർ ഒന്നിനും മുഖ്യമന്ത്രി പിണറായി വിജയന്‍ പുതുപ്പള്ളിയിലെത്തും. എന്‍ഡിഎയ്ക്കായി കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖരന്‍ 30നും, വി മുരളീധരന്‍ 31-ാം തിയതിയും എത്തിച്ചേരും.