കാക്കനാട് വീണ്ടും ഭക്ഷ്യ വിഷബാധ; വിഷബാധയേറ്റത് ആർടിഒയ്ക്ക്: ഹോട്ടൽ ആര്യാസ് അടപ്പിച്ചു
Updated: Nov 19, 2023, 11:45 IST

കൊച്ചി: ആർടിഒയ്ക്ക് ഭക്ഷ്യ വിഷബാധയേറ്റതിന് പിന്നാലെ കാക്കനാട് ഹോട്ടൽ ആര്യാസ് അടപ്പിച്ചു. തൃക്കാക്കര നഗരസഭ ആരോഗ്യവിഭാഗമാണ് ഹോട്ടൽ അടപ്പിച്ചത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആർടിഒയ്ക്കും മകനും ഭക്ഷ്യവിഷബാധ ഏറ്റതായി പരാതി ഉയർന്നതിന് പിന്നാലെയാണ് നടപടി. ആർടിഒ നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കാക്കനാട് കളക്ടറേറ്റിനു സമീപത്തെ ആര്യാസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതോടെയാണ് ഭക്ഷ്യവിഷബാധ ഉണ്ടായത് എന്നാണ് ആർടിഒ തൃക്കാക്കര നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ അറിയിച്ചത്. ആർടിഒയ്ക്കും മകനും ഭക്ഷ്യവിഷബാധയാണ് എന്ന് ഡോക്ടർമാരും നഗരസഭ ആരോഗ്യവിഭാഗത്തെ അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് ഹോട്ടൽ അടപ്പിച്ചത്.