വ്യാജരേഖ കേസ്: കെ വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
Jun 20, 2023, 08:27 IST

വ്യാജരേഖ കേസിൽ പ്രതി കെ വിദ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ സംസ്ഥാന സർക്കാരും ഇന്ന് കോടതിയെ നിലപാട് അറിയിക്കും. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കെട്ടിച്ചമച്ച കേസെന്നാണ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കെ വിദ്യ വാദിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് നിലനിൽക്കില്ലെന്നും അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും വിദ്യ കോടതിയെ അറിയിച്ചിരുന്നു
അതേസമയം കേസെടുത്ത് പതിനഞ്ചാം ദിവസവും വിദ്യ ഒളിവിൽ തുടരുകയാണ്. എറണാകുളത്തും കോഴിക്കോടും പോലീസ് വ്യാപക പരിശോധന നടത്തിയെങ്കിലും വിദ്യയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. കേസിന്റെ ഭാഗമായി ബന്ധപ്പെട്ട് മഹാരാജാസ് കോളജ്, അഗളി കോളജ്, നീലേശ്വരം കരിന്തളം കോളജുകളിൽ പോലീസ് എത്തുകയും അധികൃതരുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു.