വ്യാജരേഖ ചമച്ച സംഭവം: കെ വിദ്യ ഒളിവിൽ തുടരുന്നു; അഗളി പോലീസ് ഇന്ന് കാസർകോട് എത്തും
Jun 10, 2023, 08:21 IST

വ്യാജരേഖ ചമച്ച കേസിൽ കെ വിദ്യ ഒളിവിൽ തുടരുന്നു. അഗളി പോലീസ് ഇന്ന് കാസർകോട് എത്തി തെളിവെടുപ്പ് നടത്തും. പി എച്ച് ഡി വിവാദത്തിൽ കാലടി സർവകലാശാല ഉപസമിതിയും ഇന്ന് പരിശോധന ആരംഭിക്കും. മാർക്ക് ലിസ്റ്റ് വിവാദത്തിൽ പി എം ആർഷോയുടെ പരാതിയിൽ ജില്ലാ ക്രൈംബ്രാഞ്ചും ഇന്ന് അന്വേഷണം ആരംഭിക്കും
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാകും അഗളി പോലീസ് കാസർകോട് എത്തുക. വിദ്യയുടെ തൃക്കരിപ്പൂരിലെ വീട്ടിൽ പോലീസ് സംഘം പരിശോധന നടത്തും. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തും. വ്യാജ രേഖ സമർപ്പിച്ച് വിദ്യ ഒരു വർഷം ഗസ്റ്റ് ലക്ചററായി ജോലി ചെയ്ത കരിന്തളം ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജിലും പോലീസ് സംഘമെത്തി പ്രിൻസിപ്പൽ ഇൻ ചാർജ് അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തും.