ഗണേഷ് കുമാറിനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത് ഉചിതമല്ലെന്ന് സഹോദരി ഉഷ മോഹൻദാസ്

തിരുവനന്തപുരം: കേരള കോൺഗ്രസ് ബി ചെയർമാനും പത്തനാപുരം എംഎൽഎയുമായ കെ.ബി. ഗണേഷ് കുമാറിനെ മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നത് ഉചിതമല്ലെന്ന് സഹോദരി ഉഷ മോഹന്‍ദാസ്. കുടുംബ സ്വത്ത് തട്ടിയെടുത്തെന്ന കേസ് കോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നത് ശരിയല്ലെന്നും ജനകീയ നേതാവാണെങ്കില്‍ വീട് നന്നാക്കിയിട്ട് വേണം നാടു നന്നാക്കാനെന്നും ഉഷ പറഞ്ഞു.
2021 മേയില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭാ രൂപീകരണത്തിന് മുന്‍പ് ഗണേഷ് കുമാറിന്റെ സഹോദരി മുഖ്യമന്ത്രിയെ കണ്ടിരുന്നു. അന്ന് ഗണേഷ് കുമാര്‍ കുടുംബ സ്വത്ത് തട്ടിയെടുത്തതുമായി ബന്ധപ്പെട്ട പരാതി മാത്രമാണ് മുഖ്യമന്ത്രിയെ അറിയിച്ചതെന്നും ഉഷ പറഞ്ഞു. പിതാവ് തയാറാക്കിയ വില്‍പത്രവും മറ്റ് രേഖങ്ങളും മുഖ്യമന്ത്രിയെ കാണിക്കുകയും ചെയ്തതതായി ഉഷ വ്യക്തമാക്കി.
വില്പത്രത്തില് തനിയ്ക്ക് അര്‍ഹമായ വിഹിതം ലഭിച്ചിട്ടില്ലെന്നും ഗണേഷ് കുമാര്‍ കൃത്രിമം നടത്തി സ്വത്ത് തട്ടിയെടുത്തെന്നുമാണ് ഉഷയുടെ ആരോപണം. ഗണേഷിനെതിരേ 2021ല്‍ ഉഷ നല്കിയ പരാതി കൊട്ടാരക്കര സബ് കോടതിയുടെ പരിഗണനയിലാണ്. രേഖകളുടെ പരിശോധന പൂര്‍ത്തിയായി കേസ് ഹിയറിങിലേയ്ക്ക് കടക്കുകയാണ്.